CrimeNEWS

ലൈസന്‍സില്ലാത്ത തോക്കുമായി കൂരമാന്‍ വേട്ട; മൂന്നു പേര്‍ പിടിയില്‍, ഒരാള്‍ രക്ഷപ്പെട്ടു

മലപ്പുറം: അകമ്പാടത്ത് വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. ഒരാള്‍ വനപാലകര്‍ക്ക് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. ഇവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും 11 തിരകളും കാലി കെയ്സും കത്തിയും രണ്ട് ബൈക്കുകളും പ്ലാസ്റ്റിക്ക് സഞ്ചിയും പിടിച്ചെടുത്തു. മമ്പാട് പന്തലിങ്ങല്‍ സ്വദേശികളായ നീലമുണ്ട സക്കീര്‍ ഹുസൈന്‍ (53), ചെന്നന്‍കുളം മുനീര്‍ (38), ചാലിയാര്‍ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശി മുച്ചത്തൊടിക അജ്മല്‍ (24) എന്നിവരെയാണ് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എടക്കോട് വനമേഖലയില്‍പ്പെട്ട തണ്ണിപൊയിലില്‍നിന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വികെ മുഹസിനും സംഘവും പിടികൂടിയത്.

ചാലിയാര്‍ പഞ്ചായത്തിലെ കോണമുണ്ട സ്വദേശി രാജേഷ് (അപ്പു) ആണ് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ചപുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വേട്ടയാടിയ കൂരമാനുമായി വരികയായിരുന്ന ഇവരെ വനപാലകര്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ഈ മേഖലയില്‍ മൃഗവേട്ട നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താനും സഹപ്രവര്‍ത്തകരും തണ്ണിപൊയില്‍ വനമേഖലയില്‍ എത്തിയതെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പുലര്‍ച്ചെ 2.30 ഓടെ പ്രതികളെ പിടികൂടുകയായിരുന്നു.

Signature-ad

ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലൈസന്‍സില്ലാത്ത തോക്ക് നിലമ്പൂര്‍ പോലീസിന് കൈമാറും. സക്കീര്‍ ഹുസൈന്റേതാണ് തോക്ക്. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രാജേഷ് ഓടി രക്ഷപ്പെട്ടതായി മൊഴി നല്‍കിയത്. നിലമ്പൂര്‍ മേഖലയില്‍ ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള മൃഗവേട്ട സജീവമാണ്.

 

Back to top button
error: