KeralaNEWS

എന്തിനും കോടതി കയറേണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം, ആദ്യം വകുപ്പ് മേധാവിയെ സമീപിക്കണം

തിരുവനന്തപുരം: സര്‍വീസ് പ്രശ്നങ്ങളില്‍ കോടതി കയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പരാതി വകുപ്പുമേധാവികളെ അറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍മാത്രമേ കോടതിയെ സമീപിക്കാവൂവെന്നാണ് പുതിയ ഉത്തരവ്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍വീസ്പ്രശ്നങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Signature-ad

ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വകുപ്പുമേധാവിയെ രേഖാമൂലം അറിയിക്കണമെന്നാണ് നിര്‍ദേശം. പരാതി ലഭിച്ചാലുടന്‍ മേധാവി അത് താഴെത്തട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് അയച്ച വിവരം തേടണം. തുടര്‍ന്ന്, പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കണം. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം മേധാവി 15 ദിവസത്തിനുള്ളില്‍ പരാതിക്കാരന് മറുപടിയായി നല്‍കണം. പരാതിയും മറുപടിയുമെല്ലാം ജീവനക്കാര്‍ക്കുള്ള നിശ്ചിത സോഫ്‌റ്റ്വേറിലൂടെ ആയിരിക്കണം.

മേധാവിയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍മാത്രമേ ജീവനക്കാരന്‍ കോടതിയെ സമീപിക്കാവൂ. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുപുറമെ, സര്‍വീസ് പ്രശ്നങ്ങളില്‍ കോടതിവ്യവഹാരം ഒഴിവാക്കുകകൂടിയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം.

സര്‍വീസ് സംബന്ധമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കണമെന്നാണ് വ്യവസ്ഥ. അവിടെ തീര്‍പ്പായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം. ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും പരാതിയുമായി ജീവനക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്ന സാഹചര്യത്തിലാണ് വകുപ്പുതലത്തില്‍ത്തന്നെ പരിഹാരം കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവ്.

സര്‍വീസ്പ്രശ്നങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Back to top button
error: