KeralaNEWS

നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ല; ഹൈക്കോടതി വിധിക്കെതിരേ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരേ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരേ ശ്രീരാം വെങ്കിട്ടരാമന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകള്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ശ്രീരാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ തനിക്കെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി മറ്റ് ചില കാരണങ്ങളാലാണ് നരഹത്യാക്കുറ്റം ചമുത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുവസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തലാണെന്നാണ് അപ്പിലീല്‍ ചൂണ്ടിക്കാട്ടുന്നത്.

Signature-ad

എല്ലാവസ്തുതകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് സെഷന്‍സ് കോടതി തനിക്കെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത്. തനിക്കെതിരായ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അപ്പീലില്‍ പറയുന്നു. ശ്രീരാമിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടുത്തമാസം ആദ്യം ഈ കേസ് പരിഗണനക്ക് വരാനാണ് സാധ്യത.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളാണിത്.

 

 

Back to top button
error: