ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് റിജിന്‍ രാജനെ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍, കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ ദീപയെ കണ്ടെത്തിയത്.
അന്നു രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടിന്റെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. കൊലപാതക കുറ്റമായതിനാല്‍ റിജിന്‍ ജില്ലാ കോടതി ജാമ്യം നല്‍കിയില്ല. ഇവരോടൊപ്പം വാടക ഷെയര്‍ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടി കൊലപാതകത്തിന് ദൃക്സാക്ഷിയാണെന്നു പറയപ്പെടുന്നു.
ജോലിയും വരുമാനവും ഇല്ലാത്തതിനാല്‍ പ്രതിക്ക് ആവശ്യമായ വൈദ്യസഹായവും സൗജന്യ നിയമസഹായവും ലഭ്യമാക്കണമെന്ന് ഡിഫന്‍സ് സോളിസിറ്റര്‍ എഡ്ഡി ബര്‍ക്ക് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി ഒലാന്‍ കെല്ലെഹര്‍ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. റിജിന്‍ രാജനെ വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
പോലീസ് നടപടികള്‍ക്ക് ശേഷം ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോര്‍ക്കിലെ മലയാളി സംഘടനകള്‍ അറിയിച്ചു. ദീപ ദിനമണി പാലക്കാട് സ്വദേശിയും റിജിന്‍ തൃശൂര്‍ സ്വദേശിയുമാണെന്നാണ് സൂചന.
കഴിഞ്ഞ 14 വര്‍ഷമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചുവന്നിരുന്ന ദീപ, ഈ വര്‍ഷം ഏപ്രിലിലാണ് അയര്‍ലന്‍ഡിലെ ആള്‍ട്ടര്‍ ഡോമസില്‍ ഫണ്ട് സര്‍വീസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഇന്‍ഫോസിസ്, സീറോക്സ്, അപെക്സ് ഫണ്ട് സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.