കോട്ടയം: ദേശീയവിദ്യാഭ്യാസനയത്തിൻറെ ഭാഗമായി പശ്ചിമബംഗാളിലെ കലിംപോങ് കോളജും ബസേലിയസ് കോളജും സഹോദരകോളജുകളായി നിലനിന്നുകൊണ്ട് വിദ്യാർത്ഥി-അധ്യാപക കൈമാറ്റപരിപാടികൾ ആരംഭിക്കുമെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. ബസേലിയസ് കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേൾക്കാത്തത് കേൾക്കുകയും, കാണാത്തത് കാണുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിജയി എന്ന് ഗവർണർ പറഞ്ഞു.
സമൂഹത്തിൽ മാറ്റം വരുത്താനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേല പറഞ്ഞത് സത്യമാണെന്നും വിദ്യാഭ്യാസത്തിനുമാത്രമേ സമൂഹത്തിൽ മാറ്റം വരുത്താൻ കഴിയുകയുള്ളുവെന്നും വിദ്യാഭ്യാസം കൊണ്ട് ത്യാജ്യഗ്രാഹ്യബുദ്ധി വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ ജ്യേഷ്ഠസഹോദരനും ബസേലിയസ് കോളജിലെ മുൻ അധ്യാപകനുമായിരുന്ന ഡോ. സി.വി. മോഹൻ ബോസിൻറെ ആഗ്രഹപ്രകാരം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബസേലിയസ് കോളേജിലെ ഏറ്റവും ശ്രേഷ്ഠനായ വിദ്യാർത്ഥിക്ക് 50,000 രൂപയുടെ വജ്രജൂബിലി അവാർഡ് നൽകുന്നതാണെന്നും ഗവർണർ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസം സമൂഹത്തിൻറെ മാറ്റത്തിന് ഉതകുന്ന ഏറ്റവും വലിയ ആയുധമാണെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് വേണ്ടത്രരീതിയിൽ ഉപയോഗിക്കുന്നില്ലെന്നുള്ളത് വളരെ ഖേദകരമാണെന്ന് ഓർത്തഡോക്സ്സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ബാവാ. മനസ്സിൻറെ സംസ്ക്കരണത്തിലൂടെ ഉൾക്കാഴ്ച വളർത്തിയെടുത്ത് ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും കാതോലിക്കാബാവാ ഓർമ്മിപ്പിച്ചു.
ഓർത്തഡോക്സ് സഭാ കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മോൻസ് ജോസഫ് എം.എൽ.എ., കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ്, ജനറൽ കൺവീനർ പ്രഫ. ഡോ. പി. ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥി സംഘടനയായ വി-ബസേലിയൻ നിർമിക്കുന്ന ഡിജിറ്റൽ തീയേറ്ററിൻറെ ആദ്യഗഡു ചലച്ചിത്രനിർമാതാവും പൂർവവിദ്യാർത്ഥിയുമായ സന്തോഷ് ടി. കുരുവിള ഗവർണർക്ക് കൈമാറി.