NEWSSocial Media

ഹെലിപാഡില്‍ യുവാവിന്റെ ‘ഡെയര്‍ഡെവിള്‍ സെല്‍ഫി സ്റ്റണ്ട്’; ‘പട്ടി ഷോ’യെന്ന് നെറ്റിസണ്‍സ്

ഡെഹ്‌റാഡൂണ്‍: സെല്‍ഫി ഭ്രമത്തില്‍ സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കിയവരുടെ എണ്ണം ചെറുതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സെല്‍ഫി സ്റ്റണ്ടില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ നിരവധി വാര്‍ത്തകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഹെലിപാഡിനുള്ളില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കാന്‍ ഒരു ചെറുപ്പക്കാരന്‍ നടത്തിയ അതിസാഹസിക ശ്രമം കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയത്.

കേദാര്‍നാഥ് ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സെല്‍ഫി എടുക്കാന്‍ ഉള്ള ആവേശത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഹെലിപാഡിനുള്ളിലേക്ക് ഓടിക്കയറുകയും ഗുരുതരമായ സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്തത്. ഹെലിപാഡ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ആണ് ഈ ചെറുപ്പക്കാരന്‍ ജീവന്‍ രക്ഷപ്പെടുത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച ആവുകയാണ്. സെല്‍ഫി ഭ്രമം പൂണ്ട ചെറുപ്പക്കാരന്റെ പെരുമാറ്റത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

Signature-ad

ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിന്റെ ദൃശ്യങ്ങളിലാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടന്നാണ് അവിടേക്ക് ഒരു ചെറുപ്പക്കാരന്‍ ഓടിവരുന്നത്. ആദ്യം അയാള്‍ ഹെലിപാഡിന് പുറത്തുനിന്നുകൊണ്ടുതന്നെ ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് ഹെലിപാഡിനുള്ളിലേക്ക് കയറി തന്റെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹെലിപാഡില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍ ഈ ചെറുപ്പക്കാരന്‍ പെട്ടത്.

ഉടന്‍തന്നെ ഒരാള്‍ ഓടിയെത്തി ഹെലിപാഡിനുള്ളില്‍ നിന്നും അയാളെ വലിച്ച് പുറത്തേക്ക് ഇറക്കുന്നു. ഒരുപക്ഷേ ആ ജീവനക്കാരന്റെ ഇടപെടല്‍ അല്പം വൈകിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിച്ചിരുന്നേനെ എന്ന കാര്യത്തില്‍ സംശയമില്ല. തുടര്‍ന്ന് മറ്റു രണ്ട് ഹെലിപാഡ് ജീവനക്കാര്‍ കൂടി എത്തി യുവാവിനെ അവിടെ നിന്നും തല്ലി ഓടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം.

 

Back to top button
error: