Life StyleNEWS

”12 വര്‍ഷം മുന്‍പ് ഞാന്‍ അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഇന്നും സിനിമയില്‍ അനുഭവിക്കുന്നുണ്ട്; കരഞ്ഞിറങ്ങിപ്പോരാനേ പറ്റിയിട്ടുള്ളൂ”

സിനിമയില്‍ വനിത പ്രൊഡ്യൂസറായി മുന്നോട്ടുപോകാനുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്. ആണുങ്ങള്‍ മാത്രം ഭരിക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ളത് വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. പറ്റിക്കപ്പെട്ടിട്ടുപോലും അവിടെ നിന്ന് കരഞ്ഞിറങ്ങേണ്ടിവന്ന സാഹചര്യമാണ് ഞാന്‍ ഇന്നും നേരിടുന്നത്. അഡ്വാന്‍സ് നല്‍കിയിട്ടും എന്റെ കൈയ്യില്‍ നിന്ന് സിനിമകള്‍ പലരും തട്ടിയെടുത്തിട്ടുണ്ടെന്നും ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നു.

പലപ്പോഴും സിനിമയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുമ്പോള്‍ ഒപ്പമുള്ളവര്‍ എന്നെ കാണുന്നത് ഒരു പ്രൊഡ്യൂസറായി മാത്രമാണ്. ഒരു സിനിമ പ്രേക്ഷകര്‍ കാണണം എന്ന ആഗ്രഹത്തോടെ അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ ആ ചിത്രത്തിന്റെ മറ്റ് ആളുകള്‍ എന്നെ കാണുന്നത് വെറും പണം മുടക്കുന്ന ആളായി മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് നമ്മള്‍ ഒരു സൗഹൃദം സൂക്ഷിച്ചാലും അത് പലപ്പോഴും കിട്ടാറില്ല. കരഞ്ഞ് ഇറങ്ങേണ്ട ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് തുക തിരികെ വാങ്ങാതെ പോന്നപ്പോഴും ആ സിനിമകള്‍ സക്സസ് ആകണമെന്നേ ചിന്തിച്ചിട്ടുള്ളൂ. കാരണം എന്നോടില്ലെങ്കിലും അവരൊക്കെ സിനിമയോട് വളരെ ആത്മാര്‍ത്ഥത കാണിക്കുന്ന മനുഷ്യരാണ്.

Signature-ad

ഞാന്‍ കഷ്ടപ്പെട്ട് ആര്‍ട്ടിസ്റ്റുകളേയും അണിയറ പ്രവര്‍ത്തകരേയും സംഘടിപ്പിച്ച് പല ചിത്രങ്ങളും എന്റെ കൈയ്യില്‍ നിന്നും ഒടുക്കം പോയിട്ടുണ്ട്. അങ്ങനെ ഞാന്‍ ചെയ്യാനിരുന്ന് അവസാനം നഷ്ടമായ ചിത്രമാണ് ഓം ശാന്തി ഓശാന. ഒന്നും ചെയ്യാന്‍ പറ്റാതെ നില്‍ക്കേണ്ടി വരാറുണ്ട്. ഒടുക്കം എല്ലാവരും ചേര്‍ന്ന് കുറ്റം പറയുമ്പോഴാണ് നമ്മള്‍ തളര്‍ന്ന് പോകുന്നത്. ആദ്യം കഥ കേള്‍ക്കുമ്പോള്‍ ചെയ്യേണ്ട എന്ന് തീരുമാനിക്കുകയും പിന്നീടുള്ള അവരുടെ നിര്‍ബന്ധം കാരണം ചെയ്യാം എന്നൊക്കെ തീരുമാനിച്ച്, അതൊരു പ്രോജക്ടാക്കി തുടങ്ങുമ്പോഴാണ് ആ സിനിമ നഷ്ടമാകുന്നത്. ഈയടുത്ത് ഇറങ്ങാനിരിക്കുന്ന ഒരു സിനിമ അത്തരത്തില്‍ എന്റെ കൈയ്യില്‍ നിന്നും പോയതാണ്.

മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ഒരു ഭരണ തലകത്തിലും സ്ത്രീകളില്ല. അതിന്റേതായ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടാറുണ്ട്. മറ്റൊരു വശം എന്താണെന്നുവെച്ചാല്‍ ഒരു ആണ്‍ പ്രൊഡ്യൂസറിനോടും ഇവരാരും ഇങ്ങനെ പെരുമാറില്ല. കാരണം അതിന്റെ പ്രത്യാഖ്യാതം വലുതായിരിക്കും എന്നവര്‍ക്ക് അറിയാം. എന്നെക്കൊണ്ട് ആരീതിയിലൊന്നും പറ്റില്ലെന്നുള്ള ധാരണയാണ് ഉള്ളത്. എനിക്കിരുന്ന് കരയാനല്ലാതെ മറ്റൊന്നിനും പറ്റില്ല.

പലപ്പോഴും ഞാന്‍ കാണുന്ന രീതിയിലേ ആയിരിക്കില്ല മറ്റൊരു ആര്‍ട്ടിസ്റ്റ് അതിനെ കൈകാര്യം ചെയ്യുന്നത്. അവരുടെ ഭാഗത്തെ ശരി മറ്റൊന്നായിരിക്കും. സിനിമയുടെ കഥ പോലും അവരുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. ചില സെറ്റുകളില്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, സെറ്റിലേയ്ക്ക് വരാന്‍ തോന്നാറില്ലെന്ന്. ഇതിന് പല കാരണങ്ങളാണുള്ളത്. അവര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളും ഷൂട്ടിനിടയില്‍ സംഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളുമൊക്കെ ഇതിന് കാരണമാകാറുണ്ട്. അതിന് പുറമെയുള്ളതാണ് ഡ്രഗ്സിന്റെ പ്രശ്നങ്ങള്‍.

ഒരു സിനിമ ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടായി തോന്നുന്ന ആളുകളെ പിന്നീട് സിനിമ ചെയ്യുമ്പോള്‍ വിളിക്കാതിരിക്കാന്‍ പരമാവധി നോക്കാറുണ്ട്. പുതിയതായി ഏതെങ്കിലും താരങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ അതിന് മുന്‍പ് ചെയ്ത് സിനിമയുടെ ആളുകളെ വിളിച്ച് തിരക്കും. കുഴപ്പക്കാരാണെന്ന് കണ്ടാല്‍ ഉറപ്പായപം ഞാന്‍ ഒഴിവാക്കുകയേയുള്ളൂ. അതുപോലെ തന്നെ എന്റെ സെറ്റിലും വലിയ പ്രശ്നമുണ്ടാക്കുന്ന ആളാണെങ്കില്‍ എനിക്ക് അടുപ്പമുള്ള നിര്‍മ്മാതാക്കളോട് ഞാനത് പങ്കുവെയ്ക്കും. പക്ഷേ എല്ലാ സെറ്റിലും അവര്‍ ഒരുപോലെ പ്രശ്നക്കാരായിരിക്കണം എന്നില്ല- സാന്ദ്ര പറഞ്ഞു.

 

Back to top button
error: