ബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിന് പ്രായശ്ചിത്തം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. 2018ലാണ് ശിവകുമാര്‍ ബെല്ലാരിയിലുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.
വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക നടയ്ക്കു വച്ചാണ് ശിവകുമാറിന്റെ പ്രായശ്ചിത്തം. ഹൂവിനഹദഗലി മൈലാര്‍ലിംഗേശ്വര ക്ഷേത്രത്തിലാണ് ശിവകുമാര്‍ നേര്‍ച്ച നടത്തിയത്.
വര്‍ഷാവര്‍ഷം പദയാത്രയായി പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടര്‍ന്നാണ് ആദായനികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനര്‍ഥങ്ങള്‍ നടന്നതെന്നു പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ വിശ്വസിക്കുന്നു. അതിലൊരാള്‍ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റര്‍ മാതൃകയെന്നു ശിവകുമാര്‍ പറഞ്ഞു.