പ്രസവ വേദനയുമായി വന്ന സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിന് കാരണമായതെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.ശുചിമുറിയില്‍ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാൻ താമസിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സോൻഭദ്രയിലെ ഗോതാനി ഗ്രാമത്തിലുള്ള ജഗ്നായക് സിംഗ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിംഗിനെ സര്‍ക്കാരിന്റെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും ഡോക്ടര്‍ വരുന്നതു വരെ കാത്തിരിക്കാനുമായിരുന്നു നിര്‍ദേശമെന്നും ജഗ്നായക് പറയുന്നു.
ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞ് മരിക്കുകയും ചെയ്തു. ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ടതായി സിഎംഒ അറിയിച്ചു. മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷിക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സിഎംഒ വ്യക്തമാക്കി.