KeralaNEWS

മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനം: കെ. സുധാകരന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ നിസ്സഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. മത്സ്യത്തൊഴിലാളികൾ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നെങ്കിൽ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയതുപോലെ ഇവർക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

3 സഹജീവികൾ കടലിൽ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തിൽ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോൾ, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാർത്ഥ്യം പോലും മറന്നു. മന്ത്രിമാർ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Signature-ad

2018 ലെ പ്രളയകാലത്ത് രക്ഷകരായി പ്രവർത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോൾ ജീവൻ പണയംവച്ച് ഓടിയെത്താൻ അവരുണ്ടായിരുന്നു. എന്നാൽ അവർ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോൾ സാന്ത്വനിപ്പിക്കേണ്ടവർ അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രിമാർ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ആറുവർഷത്തിനിടെ 64 ലധികം തീരദേശവാസികൾക്കാണ് മുതലപ്പൊഴിയിൽ മാത്രം ജീവൻ നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാൻ നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സർക്കാർ പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോർട്ടും സമർപ്പിച്ചില്ല. അശാസ്ത്രിയമായ ഹാർബർ നിർമ്മാണവും പുലിമുട്ട് നിർമ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളിൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉൾപ്പെടെയുള്ളവർക്കെതിരേയുള്ള കേസുകൾ സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ലന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Back to top button
error: