LIFEMovie

നെറ്റിസൺസി​ന്റെ സംശയം, ‘സ്‍പിരിറ്റി’ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? മറുപടിയുമായി സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

ദ്യപാന ശീലമുള്ള കഥാപാത്രങ്ങളായി മോഹൻലാൽ എക്കാലത്തും സ്കോർ ചെയ്തിട്ടുണ്ട്. നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും അയാൾ കഥയെഴുതുകയാണിലെ സാ​ഗർ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അവരിൽ ചിലർ. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മദ്യാസക്തിയുടെ ദോഷവശങ്ങളിലേക്ക് വിരൽ ചൂണ്ടിയ സ്പിരിറ്റ്. രഞ്ജിത്തിൻറെ രചനയിലും സംവിധാനത്തിലും 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രഘുനന്ദൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ജോലിയിടെ മടുപ്പ് മൂലം വിദേശ ബാങ്കുകളിലെ ഉയർന്ന ഉദ്യോ​ഗം രാജിവച്ച് ടെലിവിഷൻ ജേണലിസത്തിലേക്ക് എത്തിയ ആളാണ് രഘു. മദ്യപാനാസക്തി തന്നെ കീഴ്പ്പെടുത്തിയെന്ന അയാളുടെ മനസിലാക്കലും തിരിച്ചുവരവുമൊക്കെ പ്രമേയമാക്കുന്ന ചിത്രത്തിൽ ​ഗംഭീരപ്രകടനമാണ് മോഹൻലാൽ നടത്തിയത്. സോഷ്യൽ മീഡിയ സിനിമാ​ഗ്രൂപ്പിൽ ഇതേക്കുറിച്ചുള്ള ഒരു ആരാധകൻറെ സംശയത്തിനാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അലക്സി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ കൂടിയായ ശങ്കർ രാമകൃഷ്ണൻ മറുപടിയുമായി എത്തിയത്.

Signature-ad

ഉണ്ണികൃഷ്ണൻ എന്ന സിനിമാപ്രേമിയുടെ പോസ്റ്റ് ഇങ്ങനെ- “കോമഡി അഭിനയിച്ചു ഫലിപ്പിക്കുന്നത് പോലെ തന്നെ വളരെ പ്രയാസമുള്ള ഒന്നാണ് മദ്യപാനിയായി അഭിനയിച്ചു ഫലിപ്പിക്കുക എന്നത്. ഒട്ടുമിക്ക സൂപ്പർ/ മെഗാതാരങ്ങളും ഈ ഒരു കാര്യത്തിൽ (കഴിക്കുന്നവർ പോലും) പരാജയമാണ്. അവിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഒരു പാഠപുസ്തകം ആകുന്നത്. മുൻപും പല സിനിമകളിൽ (ആൽക്കഹോളിക് ആയി വന്ന ഹലോ അടക്കം) അദ്ദേഹം മദ്യപാനിയായി വന്നെങ്കിലും സ്പിരിറ്റിലെ രഘുനന്ദൻ ബഹുദൂരം മുന്നിലാണ്. പ്രത്യേകിച്ചു ഒരു കുടിയന്റെ മുഖത്തെ മാറ്റങ്ങൾ, കണ്ണുകൾക്ക് താഴെ ഉണ്ടാവുന്ന വീക്കം etc അടക്കം!! ഇനി ഇദ്ദേഹം ഈ പടത്തിൽ വെള്ളമടിച്ചിട്ടാണോ അഭിനയിച്ചത്??“, പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

ഫേസ്ബുക്ക് സിനിമാപ്രേക്ഷക കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിൽ ഉണ്ണികൃഷ്ണൻ ഇട്ട ഈ പോസ്റ്റിന് താഴെ ശങ്കർ രാമകൃഷ്ണൻ കമൻറുമായി എത്തി. “അല്ല. ഒരു സീനിൽ പോലും. അദ്ദേഹം സമചിത്തതയോടെ തന്നെയാണ് അഭിനയിച്ചത്”, ശങ്കർ രാമകൃഷ്ണൻ കമൻറ് ബോക്സിൽ കുറിച്ചു. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ നന്ദുവാണ് മദ്യാസക്തിയുള്ള മണിയൻ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കനിഹ, കൽപ്പന, മധു, ​ഗോവിന്ദൻകുട്ടി അടൂർ, ലെന, തിലകൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്.

Back to top button
error: