IndiaNEWS

ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസിന് വന്‍ മുന്നേറ്റം; പ്രതിപക്ഷം ഏറെ പിന്നില്‍

കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണല്‍ തുടങ്ങിയത്. 445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണല്‍ നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു.

Signature-ad

അതേസമയം, വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാര്‍ബറില്‍ ബോംബേറ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിലേര്‍പ്പെടുന്നവര്‍ക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പോലീസ് സ്റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേര്‍ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളില്‍ 15 പേരാണു കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളില്‍ റീപോളിങ് നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തില്‍ തൃണമൂല്‍ 793 സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തില്‍ തൃണമൂല്‍ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോണ്‍ഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

 

 

Back to top button
error: