CrimeNEWS

മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കണ്ണുമടച്ച് വിശ്വസിച്ചു; 33 വയസുകാരനായ ടെക്കിക്ക് നഷ്ടമായത് 91 ലക്ഷം രൂപ

പൂനെ: മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 91.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു. പൂനെയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന 33 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപത്തിലേക്കെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയതത്രെ.

ആദർശ് നഗർ സ്വദേശിയുടെ പരാതിയിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് മാട്രിമോണി വെബ്സൈറ്റിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം ഇരുവരും ഫോണിലൂടെ പരസ്പരം സംസാരിക്കാൻ തുടങ്ങി. ‘ബ്ലെസ്‍കോയിൻ’ എന്ന ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാമെന്ന ആശയം യുവതിയാണ് മുന്നോട്ടുവെച്ചത്. വിവാഹത്തിന് ശേഷം ഭാവി സുരക്ഷിതമാക്കാൻ അത് സഹായിക്കുമെന്നും പറഞ്ഞു.

Signature-ad

മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ യുവതിയെ വിശ്വസിച്ച പരാതിക്കാരൻ നിരവധി ബാങ്കുകളിൽ നിന്നും ലോൺ ആപ്ലിക്കേഷനുകളിൽ നിന്നും വായ്പയെടുത്തു. ആകെ 71 ലക്ഷം രൂപയാണ് ഇയാൾക്ക് പല ധനകാര്യ സ്ഥാപനങ്ങളിലായി ഇപ്പോൾ ബാധ്യതയുള്ളത്. ഫെബ്രുവരി മാസം മുതൽ യുവതി പറയുന്നത് കേട്ട് ഇയാൾ പണം നൽകുകയായിരുന്നു. വായ്പയെടുത്ത 71 ലക്ഷവും സ്വന്തം സമ്പാദ്യമായ 15 ലക്ഷത്തോളം രൂപയും ഉൾപ്പെടെ ആകെ 86 ലക്ഷം ഇയാൾ ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഈ പണമെല്ലാം ‘ബ്ലെസ്‍കോയിനിൽ’ നിക്ഷേപിക്കപ്പെടുകയാണെന്നായിരുന്നു ഇയാളുടെ ധാരണ. എന്നാൽ ലാഭമെന്നും കിട്ടിയതുമില്ല.

ഇക്കാര്യം ചോദിച്ചപ്പോൾ ലാഭം കിട്ടിത്തുടങ്ങാൻ 10 ലക്ഷം കൂടി നിക്ഷേപിക്കേണ്ടതുണ്ടെന്ന് യുവതി പറഞ്ഞു. ഇതേതുടർന്ന് ആദ്യം 3.95 ലക്ഷവും പിന്നീട് 1.8 ലക്ഷം രൂപയും കൂടി ട്രാൻസ്ഫർ ചെയ്തു. എന്നാൽ പിന്നെയും പണമൊന്നും കിട്ടാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവിന് മനസിലായത്. ഇതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: