റിയാദ്:സൗദി മരുഭൂമിയില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
റിയാദില്‍നിന്ന് 550 കിലോമീറ്ററകലെ അജ്ഫര് എന്ന സ്ഥലത്തെ മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് മലയാളികളുടെ കരുണയിൽ നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യ സ്നേഹികള്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്.
ട്രാവല്‍ ഏജൻറിന്റെ വഞ്ചനക്കിരയായി സുഡാനി ഇടയന്റെ കൂടെ ഒട്ടകങ്ങളെ മേയിക്കുന്ന ജോലി ചെയ്യുകയായിരുന്നു മണി.സ്പോണ്‍സറുടെ അനുമതിയില്ലാതെ മണിയെ കൂട്ടികൊണ്ടു വന്നാല്‍ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമായിരുന്നു മണിയെ രക്ഷപ്പെടുത്തിയത്.
ഹൗസ് ഡ്രൈവര്‍ വിസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവല്‍ ഏജൻറ് ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേക്ക് കയറ്റിവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവര്‍ത്തകരോടൊപ്പം വിടാൻ തയ്യാറായി.