CrimeNEWS

പണി ലോറി ഡ്രൈവർ, ജോലിയില്ലാത്ത സമയങ്ങളിൽ ബാറ്ററി മോഷണം ‘തൊഴിൽ’, പ്രിയം ടോറസുകളുടെ ബാറ്ററി! ഒടുവിൽ രണ്ട് പേരും കുടുങ്ങി; ഇവരിൽനിന്ന് പിടിച്ചെടുത്തത് 30 ടോറസ് ലോറി ബാറ്ററികള്‍!

തൃശൂർ: ചാലിശേരി കറുകപുത്തൂർ സ്വദേശികളായ രണ്ടംഗ അന്തർ ജില്ലാ ബാറ്ററി മോഷണസംഘം അറസ്റ്റിൽ. അറസ്റ്റിലായവർ ഡ്രൈവർമാരാണ്. ഇവരിൽനിന്ന് 30 ടോറസ് ലോറി ബാറ്ററികൾ കണ്ടെടുത്തു. ചങ്ങനാശേരി വീട്ടിൽ നൗഷാദ്, പുത്തൻപീടികക്കൽ വീട്ടിൽ ഷക്കീർ എന്നിവരെ കറുകപുത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിർത്തിയിട്ട ലോറികളിൽനിന്ന് നിരവധി ബാറ്ററികളാണ് പ്രതികൾ കവർന്നത്. ഇവരിൽനിന്നും മുപ്പതിലേറെ ബാറ്ററികളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ബാറ്ററികൾ ചാലിശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ടോറസ് ലോറികളുടെ ബാറ്ററികളാണ് പ്രതികൾ പ്രധാനമായും മോഷ്ടിച്ചെടുത്തിരുന്നത്. ലോറി ഡ്രൈവർമാരായ പ്രതികൾ ജോലിയില്ലാത്ത സമയങ്ങളിലാണ് ബാറ്ററി മോഷണത്തിനറങ്ങുക. ഇത്തരത്തിൽ നൂറോളം ടോറസ് ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചതായി പ്രതികൾ കുറ്റസമ്മതം നടത്തിയതായി ചാലിശേരി ഇൻസ്‌പെക്ടർ സതീഷ്‌കുമാർ പറഞ്ഞു. കൂട്ടുപാതയിലെ വർക്ക് ഷോപ്പിൽനിന്നും ബാറ്ററി മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്.

Signature-ad

തുടർന്ന് നിരീക്ഷണ കാമറ ഉൾപ്പെടെയുള്ളവ പരിശോധിച്ച പൊലീസ് കറുകപുത്തൂരിൽ നിന്ന് പ്രതികളെ പിടികൂടുകയായിരിന്നു. മൂന്ന് മാസക്കാലത്തിലേറെയായി പ്രതികൾ ഇത്തരത്തിൽ മോഷണം നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൃത്താല, ചാലിശേരി, പട്ടാമ്പി, എരുമപ്പെട്ടി, ചെറുതുരുത്തി ഭാഗങ്ങളിൽനിന്നുമാണ് പ്രതികൾ പ്രധാനമായും മോഷണം നടത്തിയിട്ടുള്ളത്. പകൽ കറങ്ങി നടന്ന് കണ്ടെത്തുന്ന ടോറസ് ലോറികളിൽനിന്നും രാത്രിയിലെത്തി ബാറ്ററികൾ അഴിച്ചെടുത്ത് വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.

25000 രൂപ വിലവരുന്ന ബാറ്ററികളാണ് പ്രതികൾ കവർച്ച ചെയ്ത ശേഷം തൂക്കിവിറ്റിരുന്നത്. ബാറ്ററി മോഷ്ടാക്കളെ പിടികൂടിയതറിഞ്ഞ് നിരവധി ലോറി ഉടമകളും ഡ്രൈവർമാരും ചാലിശേരി പോലീസ് സ്റ്റേഷനിലെത്തി. പലരും തങ്ങളുടെ വാഹനത്തിൽനിന്നും മോഷണം പോയ ബാറ്ററികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ ജോളി സെബാസ്റ്റ്യൻ, റഷീദ് അലി, അബ്ദുൽ റഷീദ്, ഋഷിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: