IndiaNEWS

യാത്രക്കാർ കുറവായ ട്രെയിനുകളിലെ എസി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറയ്ക്കാൻ നടപടി

ന്യൂഡൽഹി: യാത്രക്കാർ കുറവായ ട്രെയിനുകളിലെ എസി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറയ്ക്കാൻ റയിൽവെ മന്ത്രാലയം തീരുമാനിച്ചു.
അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി സീറ്റിങ് സൗകര്യമുള്ള വന്ദേ ഭാരത് അടക്കം എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍കാറിലും എക്സിക്യൂട്ടീവ് ക്ലാസിലും പദ്ധതി റെയില്‍വേ മന്ത്രാലയം ആരംഭിച്ചു. അടിസ്ഥാന നിരക്കില്‍ പരമാവധി 25% വരെ ഇളവ് ലഭിക്കും. ബാധകമായ മറ്റ് ചാര്‍ജുകള്‍ പ്രത്യേകം ഈടാക്കും.
യാത്രക്കാരുടെ എണ്ണം കുറവുള്ള ട്രെയിനുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിര്‍ദേശം. ഈ പദ്ധതിയിലൂടെ ഈ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഡിസ്കൗണ്ടില്‍ ബുക്ക് ചെയ്ത ടിക്കറ്റിന് റീഫണ്ട് നല്‍കില്ല. കൂടാതെ അവധി ദിവസങ്ങളിലോ ഉത്സവ ദിവസങ്ങളിലോ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഈ കിഴിവ് പദ്ധതി ബാധകമല്ല. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച്‌ 25 ശതമാനം വരെ നിരക്കില്‍ കുറവുണ്ടാകും. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക.

Back to top button
error: