തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മന്ത്രിസ്ഥാനം ഒഴിഞ്ഞ് താൻ സംസ്ഥാന പ്രസിഡന്റ് ആകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തൽക്കാലം മന്ത്രിസ്ഥാനം ഒഴിയില്ല.ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നെങ്കില് അത് പ്രധാനമന്ത്രിയാണ് തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരെ മാറ്റിയിരുന്നു. അതേരീതിയില്‍ കേരളത്തിലും നേതൃമാറ്റത്തിന് കേന്ദ്രനേതൃത്വം ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുരളീധരന്റെ പ്രതികരണം.
തൃശൂര്‍ ലോക്സഭ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയുടെ വിജയസാധ്യത കൂട്ടുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്ബ് മന്ത്രിസഭയില്‍ എടുക്കാനും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന് കേന്ദ്ര സഹമന്ത്രി സ്ഥാനം കൊടുക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പകരം വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.