ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഗോത്ര വിഭാഗങ്ങളെ ഏക വ്യക്തിനിയമത്തിന്റെ (യുസിസി) പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍, ഗോത്രവിഭാഗങ്ങള്‍ക്കു പ്രാധാന്യമേറെയുള്ള നാഗാലാന്‍ഡില്‍നിന്നു പന്ത്രണ്ടംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, സര്‍ക്കാരില്‍നിന്നു സ്ഥിരീകരണമില്ല.
മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലായിരുന്നു നാഗാലാന്‍ഡില്‍ നിന്നുള്ള സംഘം. യുസിസിയെക്കുറിച്ചു ഗോത്രവിഭാഗങ്ങള്‍ക്കിടയിലുള്ള ആശങ്ക ധരിപ്പിച്ചതായി നാഗാലാന്‍ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുസിസി നീക്കത്തില്‍ ക്രിസ്ത്യന്‍, ഗോത്ര മേഖലകളെ ഒഴിവാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്നാണു നാഗാലാന്‍ഡ് സര്‍ക്കാരിന്റെ പ്രതികരണം.
അതിനിടെ, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. യുസിസി നടപ്പാക്കുമ്പോള്‍ സിഖ് വിഭാഗത്തിന്റെ അവകാശങ്ങളെയും ആചാരങ്ങളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നു ഡിഎസ്ജിഎംസി പ്രതികരിച്ചു.
ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷനുമായി ബന്ധപ്പെട്ടതെന്ന പേരില്‍ ചില ഫോണ്‍ നമ്പറുകള്‍ സന്ദേശമായി പ്രചരിക്കുന്നു. ഇവയുമായി കമ്മിഷനു ബന്ധമില്ല. കമ്മിഷന്‍ സ്വന്തം വെബ്‌സൈറ്റിലൂടെയോ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയോ മാത്രമേ വിവരങ്ങള്‍ ലഭ്യമാക്കു. ഇക്കാര്യത്തില്‍ ജാഗ്രത വേണം. കമ്മിഷന്‍ വ്യക്തമാക്കി.