
അബുദാബി: യുഎഇയിൽ വിദ്വേഷ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ച യുവതിക്ക് അഞ്ചു വർഷം തടവും അഞ്ചു ലക്ഷം ദിർഹം (ഒരു കോടിയിലേറ ഇന്ത്യൻ രൂപ) പിഴയും വിധിച്ച് അബുദാബി ക്രിമിനൽ കോടതി. സാമൂഹിക മാധ്യമത്തിൽ യുവതി പോസ്റ്റ് ചെയ്ത വീഡിയോയിൽ പുരുഷൻമാരെയും ഗാർഹിക തൊഴിലാളികളെയും അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയതാണ് ശിക്ഷയ്ക്ക് കാരണമായത്. ഇത് പൊതുമര്യാദയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
പ്രതിയുടെ സാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചു വർഷം തടവും 500,000 ദിർഹം പിഴയും ശിക്ഷയായി വിധിച്ച കോടതി, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തണമെന്നും ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ ഈ വീഡിയോ യുവതിയുടെ അക്കൗണ്ടിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ യുവതിയുടെ അക്കൗണ്ട് പൂർണമായും റദ്ദാക്കാനും മറ്റേതെങ്കിലും വിവര സാങ്കേതിക മാർഗം ഉപയോഗിക്കുന്നതിൽ നിന്നും യുവതിയെ സ്ഥിരമായി വിലക്കാനും കോടതി നിർദ്ദേശിച്ചു.
സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച വീഡിയോ ക്ലിപ്പിനെ കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.






