
മലപ്പുറം: മുണ്ടുപറമ്പില്‍ വാടകവീട്ടില്‍ രണ്ട് കുട്ടികളടക്കം നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൂട്ടമരണത്തിന് പിന്നില്‍ കുട്ടികളുടെ അസുഖത്തെക്കുറിച്ചുള്ള ആശങ്കയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. കടുംകൈക്ക് പിന്നില്‍ കുട്ടികളുടെ ജനിതക രോഗമായ ഡുഷേന്‍ മസ്കുലര്‍ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയെന്നാണ് പ്രാഥമിക നിഗമനം.
മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇളയ കുട്ടിക്കും അസുഖ സാധ്യത കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിര്‍ദേശിച്ചിരുന്നു. അത് നടത്തും മുന്‍പേ നാല് പേരും ജീവന് വെടിഞ്ഞു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന് സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവര്‍ധന്‍. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.
രണ്ടു ധനകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്.
കഴിഞ്ഞ ശനിയാഴ്ച (01.07.2023) കണ്ണൂരില്‍ എസ്.ബി.ഐ മാനേജറായി ചുമതലയേറ്റ ഷീന വെള്ളിയാഴ്ച (07.07.2023) മലപ്പുറം മുണ്ടുപറമ്പിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂര്‍ത്തിയാക്കിയതിനിടെയാണ് നാല് പേരുടെയും മരണ വാര്‍ത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകന് ഹരിഗോവിന്ദിന്റെ സ്കൂള്‍ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
രാവിലെ കണ്ണൂരിലേക്കു തിരിക്കുമെന്ന് ഷീനയും ഭര്‍ത്താവ് സബീഷും അവരവരുടെ വീടുകളില്‍ വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ അറിയിച്ചിരുന്നു. എന്നാല്‍ 8 മണിയോടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഇരുവരെയും കിട്ടിയില്ല. പിന്നീടാണ് ബന്ധുക്കള്‍ മലപ്പുറം പൊലീസില്‍ വിവരമറിയിച്ചത്. അര്‍ധരാത്രിയോടെ പൊലീസ് എത്തിയാണ് വീട് തുറന്ന് അകത്തു കടന്നതും 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതും.
നാലു പേരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. നാളെ (ശനി) രാവിലെ 9ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം.
ഡിഎംഡി എന്ന ഈ അസുഖം, പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.






