ഇംഫാല്‍: മണിപ്പുരില്‍ സ്കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന മണിപ്പുരില്‍ ഒരു ദിവസം മുന്‍പാണ് സ്കൂളുകള്‍ തുറന്നത്. സ്ത്രീ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമായി. തൗബൂല്‍ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തില്‍പെട്ട സൈനികന്റെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു.
കഴിഞ്ഞ ദിവസം മണിപ്പുരില്‍ ഹമാര്‍ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാര്‍-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവല്‍ നില്‍ക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദര്‍ശിപ്പിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകള്‍ക്കും നേരത്തേ തീയിട്ടിരുന്നു. ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിനെത്തുടര്‍ന്ന് ബാക്കി വീടുകള്‍ക്ക് കാവല്നില്ക്കുകയായിരുന്നു ഡേവിഡ് ഉള്‍പ്പെടെയുള്ള നാലംഗ കുക്കി-ഹമാര്‍ ഗ്രാമ സംരക്ഷണ സേന. ഇതേസമയം, കാങ്പോക്പി ജില്ലയിലെ ഗംഗിഫായിയില്‍ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയര്‍മാരും തമ്മില്‍ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല.
കാങ്പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ 2 ദിവസമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരില്‍ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വന്‍ റാലി നടന്നു. വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദര്‍ശിപ്പിച്ച 100 ശവപ്പെട്ടിക്കു മുന്പില് മുവായിരത്തിലധികം ഗോത്രവിഭാഗക്കാര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. സ്കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹാജര്‍ നാമമാത്രമായിരുന്നു. ഇംഫാല്‍ നഗരത്തിലെയും നാഗാ ഗോത്ര മേഖലയിലെയും ഏതാനും സ്കൂളുകള്‍ മാത്രമാണ് തുറന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നെങ്കിലും പ്രശ്നബാധിത പ്രദേശങ്ങളില്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയാണ്.