എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്. ആനക്കൊമ്പിന്റെ ഉറവിടത്തെക്കുറിച്ച് നിലമ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. സംഭവത്തില്‍ നാല് പേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായത്.
അഖില്‍ മോഹന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വാങ്ങാനാണ് ആലപ്പുഴയില്‍ നിന്ന് ശ്യാം ലാലും അനീഷ്‌കുമാറും എത്തിയത്. നിലമ്പൂരില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് ആനക്കൊമ്പ് കിട്ടിയതെന്നാണ് അഖിലിന്റെ മൊഴി. ആനക്കൊമ്പ് എപ്പൊ എവിടെ വച്ച് മുറിച്ചെടുത്തു, അഖിലിന് ഇത് എങ്ങനെ കിട്ടി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഞായറാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം നിലമ്പൂരില്‍ എത്തി അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഉദ്യാഗസ്ഥര്‍ തീരുമാനമെടുക്കും.
നിലമ്പൂരില്‍ നേരത്തെ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അഞ്ച് ലക്ഷം രൂപക്കാണ് ആനക്കൊമ്പ് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. പിടിയിലായവരുടെ കാറും ഇരുചക്രവാഹനവും കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. നിലമ്പൂരില്‍ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് നാല് പേരെ ഞായറാഴ്ച വനംവകുപ്പ് സംഘം പിടികൂടുന്നത്.
വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് നാലുപേരും കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട് വീട്ടില്‍ വെച്ച് ആലപ്പുഴ സ്വദേശികള്‍ക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖില്‍ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്.