പാലക്കാട്: മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയും കൂട്ടാളികളും എംഡിഎംഎ കൊണ്ടുപോയത് കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്ക്. ഇവരില്‍ നിന്നും 62 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കല്‍ വീട്ടില്‍ ഷമീന (31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസ് (31) എന്നിവര്‍ അറസ്റ്റിലാകുന്നത്. പാലക്കാട് വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഷമീന ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ്. ഷമീന 2019 ല്‍ തിരുവമ്പാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഹണി ട്രാപ് കേസിലും പ്രതിയാണ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറയിരുന്നു ഇവര്‍. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്.
കഴിഞ്ഞ ദിവസം കസബ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസബ പോലീസ് സ്റ്റേഷന് സമീപം വെച്ചാണ് ഥാര്‍ ജീപ്പ് കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തിയതോടെ പ്രതികള്‍ എംഡിഎംഎ അടങ്ങിയ പൊതി തന്ത്രപരമായി സമീപത്തെ കനാലില്‍ ഉപേക്ഷിച്ചു. എന്നാല്‍ മൊഴികളില്‍ വൈരുദ്ധ്യം തോന്നി സംശയം തോന്നിയ പോലീസ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ കനാലില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.