ഇടുക്കിയുടെ പ്രവേശന കവാടമായ നേര്യമംഗലത്ത് നിന്നും അടിമാലിയിലേക്കുള്ള യാത്രമധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലൂടെ ഹൈറേഞ്ചിലേക്കുള്ള യാത്രകളില്‍ പലരും ചീയപ്പാറയെ വിശ്രമകേന്ദ്രമെന്ന നിലയിലാണ് കണക്കാക്കുന്നത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന കുത്തനെയുള്ള വെള്ളച്ചാട്ടവും കാടിന്റെ വശ്യതും വാനരക്കൂട്ടങ്ങളുമെല്ലാം ചീയപ്പാറയിലെ പതിവ് കാഴ്ചകളാണ്.
മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളിലേറെപേരും ഇവിടെ എത്തിയാണ് മടങ്ങാറ്.അടിമാലി ഗ്രാമപഞ്ചായത്തിലെ കമ്പിലൈന്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.കാട്ടുച് ചോലകള്‍ താണ്ടിയെത്തുന്ന വെള്ളം പാറക്കെട്ടുകളെ തലോടി താഴെക്കൊഴുകി ദേവിയാര്‍ പുഴയോട് ചേരുന്നു. തുടര്‍ന്ന് നേര്യമംഗലത്തുവെച്ച് പെരിയാറിനോടും ചേരുന്നു.
ചീയപ്പാറയിലെ വെള്ളം 1000 അടി ഉയരത്തിൽ നിന്ന് പതിക്കുകയും ഏഴ് തട്ടുകളായി താഴേക്ക് ഒഴുകുകയും ചെയ്യുന്നു.ദേശീയ പാത 48 ന് സമീപമാണ് വെള്ളച്ചാട്ടം. ചീയപ്പാറയിൽ നിന്ന് അടിമാലിയിലേക്കുള്ള വഴിയിൽ മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്- വാളറ വെള്ളച്ചാട്ടം. പെരിയാർ നദിയുടെ കൈവഴിയായ ഇത് 200 അടി താഴ്ചയിലേക്ക് പതിക്കുന്നു. രണ്ട് വെള്ളച്ചാട്ടങ്ങളും നല്ല ട്രെക്കിംഗ് പാതകൾക്കും ചുറ്റുമുള്ള ഇടതൂർന്ന സസ്യജാലങ്ങൾക്കും പേരുകേട്ടതാണ്.