കൊച്ചി:കാന്താരി മുളക് വില 600 കടന്നു. ഡിമാൻഡ് കൂടിയതോടെയാണ് വിലക്കയറ്റം.
ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാന്താരി വാങ്ങുന്നവരുടെ രഹസ്യ അജണ്ട കൊളസ്‌ട്രോള്‍ കുറയ്ക്കുക തന്നെയാണ്.
കഴിഞ്ഞ വർഷം കിലോയ്ക്ക് 1200 രൂപ വരെ കാന്താരിമുളകിന് ലഭിച്ചിരുന്നു.നിലവിൽ 400 രൂപ ഉണ്ടായിരുന്ന വിലയാണ് ഇപ്പോൾ രണ്ടു ദിവസം കൊണ്ട് 600 ആയിരിക്കുന്നത്.
അതേസമയം വില കുതിച്ചിട്ടും കേരളത്തില്‍ കാര്യമായി കാന്താരി കൃഷി ചെയ്യാൻ കര്‍ഷകര്‍ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാറുണ്ടെങ്കിലും മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയില്‍ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു.
കേരളത്തിനു പുറമേ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരികൃഷിയുണ്ട്. മുളക് വര്‍ഗത്തിലെ കുഞ്ഞനാണെങ്കിലും എരിവില്‍ മുന്നിലാണ് കാന്താരി. വെള്ള, നീല, പച്ച, വയലറ്റ് നിറങ്ങളില്‍ കാന്താരിയുണ്ട്. ഇതില്‍ പച്ചയ്ക്കാണ് ആവശ്യക്കാരേറെയും.