ബംഗളൂരു:സാഫ് ഫുട്ബോൾ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ഫൈനലില്‍.പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍.
നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനില്‍ ഛേത്രി, അൻവര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലെബനൻ താരം ഹസൻ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഖലില്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്കും പോയതോടെ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു.