ലക്നൗ:കാറിനു മുകളില്‍ തോണി കെട്ടിവെച്ച് അതിലിരുന്ന് വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ച എം.എല്‍.എയ്ക്ക് 2000 രൂപ പിഴ.ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ആര്യനഗര്‍ എം.എല്‍.എയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അമിതാഭ് ബാജ്‌പേയിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.ഗതാഗത നിയമ ലംഘനത്തിനാണ് ട്രാഫിക് പൊലീസ് എം.എല്‍.എയ്ക്ക് 2000 രൂപ പിഴയിട്ടത്.
കാണ്‍പൂരിലെ റോഡുകളില്‍ വെള്ളക്കെട്ട് പതിവായതോടെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.എല്‍.എയുടെ പ്രതിഷേധം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാണ്‍പൂരിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് എം.എല്‍.എ ആരോപിച്ചു.
കാണ്‍പൂരിലെ സര്‍സൈയ്യ ഘട്ടില്‍നിന്ന് തുടങ്ങി ബഡാ ചൗരാഹ, മെസ്റ്റണ്‍ റോഡ്, മൂല്‍ഗഞ്ച്, എക്‌സ്പ്രസ് റോഡ്, ഫൂല്‍ബാഗ് എന്നീ റോഡുകളിലൂടെയാണ് തോണിയുമായി എം.എല്‍.എ കാറില്‍ സഞ്ചരിച്ചത്.
ജൂഹി പാലത്തിന് സമീപം വെള്ളക്കെട്ടുള്ള അടിപ്പാതയില്‍ ഒരാൾ മുങ്ങിമരിച്ചിരുന്നു. ഡെലിവറി ഏജന്റ് ചരണ്‍ സിങാണ് ജൂണ്‍ 22ന് മുങ്ങി മരിച്ചത്.അടുത്ത ദിവസമാണ് മൃതദേഹം കണ്ടെടുക്കാൻ സാധിച്ചത്..