KeralaNEWS

ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി. കേസില്‍ വഴിത്തിരിവ്;ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയത് ബന്ധുവായ യുവതി

തൃശ്ശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി. കേസില്‍ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയത് ബന്ധുവായ യുവതിയെന്ന് സൂചന.
ഷീലയുടെ ബന്ധുവായ ബംഗ്ലൂരു സ്വദേശിനിയായ യുവതിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും മുങ്ങിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ ഫോണും സ്വിച്ച്‌ ഓഫ് ആണ്.
ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളെ സംശയിക്കുന്നെന്ന് ഷീല, ക്രൈം ബ്രാഞ്ചിനോടു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തിയത്. ഷീലയുടെ ബാഗില്‍ ലഹരിമരുന്നുണ്ടെന്ന വിവരം നല്‍കിയ ആളുകളെ കുറിച്ചുള്ള വിവരം എക്സൈസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു എക്സൈസിന് സന്ദേശം ലഭിച്ചത്.
ഷീലയുടെ ബാഗില്‍ നിന്ന് കിട്ടിയത് എല്‍എസ്ഡി ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ നിരപരാധിയായ ഷീല 72 ദിവസമാണ് ജയിലില്‍ കിടന്നത്. വ്യാജ എല്‍.എസ്.ഡി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഷീലാ സണ്ണിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിക്കുന്നത്. ബാഗില്‍നിന്ന് എല്‍.എസ്.ഡിയെന്ന് ആരോപിച്ച വസ്തു കണ്ടെടുത്തതിന്റെ തലേദിവസം വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നെന്ന് ഷീല, എക്സൈസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

Back to top button
error: