കാമുകനൊപ്പം ജീവിക്കാൻ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊന്ന യുവതി അറസ്റ്റില്‍.കൊലപാതകത്തിനു ശേഷം മകനെ കാണാനില്ലെന്ന് പരാതി നല്കിയ ഇവര്‍ മൂന്ന് ദിവസത്തോളം പൊലീസിനൊപ്പം ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും ചെയ്തു.
യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ദിൻഡോലി മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
നിര്‍മാണത്തൊഴിലാളിയായ നയന മാണ്ഡവി എന്ന സ്ത്രീയെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ കിട്ടാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം. നയന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.തന്റെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് നയന പറഞ്ഞിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ അമ്മയില്‍ സംശയം തോന്നിയ പൊലീസ് നയനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്.