ഹരാരെ: ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്.
നെതര്‍ലന്‍ഡ്സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കടിച്ചുതൂങ്ങിയാണ് സൂപ്പര്‍ സിക്സില്‍ എത്തിയത്. സൂപ്പര്‍ സിക്സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി.
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി.
1975ലെ പ്രഥമ ലോകകപ്പിലും പിന്നാലെ 79ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിന്‍ഡീസ്. 83ല്‍ ഫൈനലിലേക്കെത്താനും അവര്‍ക്കു സാധിച്ചു. അന്ന് ഇന്ത്യയോടു ഏറ്റ പരാജയം അക്ഷരാര്‍ഥത്തില്‍ അവരുടെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തകര്‍ച്ചയുടെ തുടക്കം കൂടിയായിരുന്നു. ആ തകര്‍ച്ചയുടെ ഏറ്റവും മൂര്‍ധന്യമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കാണുന്നത്. ക്രിക്കറ്റിലെ കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല!
സൂപ്പര്‍ സിക്സിലെ നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. വിജയം തേടിയിറങ്ങിയ സ്‌കോട്ലന്‍ഡിന്റെ ആദ്യ വിക്കറ്റ് ആദ്യ ഓവറിലെ ഒന്നാം പന്തില്‍ തന്നെ വീഴ്ത്താന്‍ വിന്‍ഡീസിനു സാധിച്ചു. എന്നാല്‍ പിന്നീട് ഒരു പഴുതും അനുവദിക്കാതെ സ്‌കോട്ടിഷ് ബാറ്റിങ് പട വിന്‍ഡീസിനെ തകര്‍ത്തുവിട്ടു.