IndiaNEWS

വധുവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ബംഗളൂരു: വധുവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള യുവാവാണ് ജീവനൊടുക്കിയത്. ജൂൺ 29നാണ് സംഭവം. യെല്ലപ്പൂരിലെ വജ്രല്ലി സ്വദേശിയായ നാഗരാജ് ഗണപതി ഗാവോങ്കർ (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യെല്ലപ്പൂരിൽ അടയ്ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. ഈ മേഖലയിൽ ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെട്ട യുവതീയുവാക്കൾ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താൻ പാടുപെടുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ 27 ന് മാർക്കറ്റിൽ നിന്ന് കയർ വാങ്ങിയെത്തിയ നാഗരാജ് വീടിന് സമീപത്തെ മരത്തിന് സമീപം ബൈക്ക് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന് പെൺകുട്ടിയെ കണ്ടെത്താനാകാത്തതിൽ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ അനുയോജ്യയായ പെൺകുട്ടിയെ തേടി മാതാപിതാക്കൾ വർഷങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു.

Signature-ad

പലയിടത്തും തിരഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. രണ്ടാഴ്ചയായി നാഗരാജ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ വിവാഹം ചെയ്യാൻ പെണ്ണ് കിട്ടാനില്ലാത്തതിനാൽ പരാതിയുമായി കളക്ടറേറ്റിലേക്ക് യുവാക്കൾ മാർച്ച് നടത്തിയത് മുമ്പ് വലിയ ചർച്ചയായിരുന്നു. വിവാഹ പ്രായമായിട്ടും വിവാഹം കഴിക്കാൻ യുവതികളെ കിട്ടാത്തതിൽ നിരാശരായ യുവാക്കൾ തങ്ങൾക്ക് അനുയോജ്യരായ യുവതികളെ വിവാഹം കഴിക്കാൻ കണ്ടെത്തി തരണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ സ്ത്രീ പുരുഷാനുപാതം ആയിരം ആൺകുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നാണ്. അതെങ്ങനെയാണ് ശരിയാവുക എന്ന ചോദ്യവും പ്രതിഷേധവുമായി മാർച്ച് നടത്തിയ യുവാക്കൾ ഉന്നയിച്ചിരുന്നു. പെൺഭ്രൂണഹത്യ, ​ഗർഭസ്ഥ ശിശുക്കളുടെ ലിം​ഗ നിർണയം ഇവയെല്ലാം പെൺകുഞ്ഞുങ്ങളുടെ എണ്ണം നാട്ടിൽ കുറയുന്നതിന് കാരണമായിത്തീരുന്നു എന്നും യുവാക്കൾ ആരോപിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Back to top button
error: