ലോർഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയൻ റൺമെഷീൻ സ്റ്റീവൻ സ്‌മിത്തിൻറെ തകർപ്പൻ സെഞ്ചുറിക്ക്. ലോർഡ്‌സ് ടെസ്റ്റിൻറെ രണ്ടാംദിനത്തിലെ ഹൈലൈറ്റ് സ്‌മിത്തിൻറെ ഈ 32-ാം ടെസ്റ്റ് ശതകമായിരുന്നു. ഒരറ്റത്ത് ഓസീസ് വിക്കറ്റുകൾ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്‌മിത്ത് 169 പന്തിൽ മൂന്നക്കം കണ്ടു. എന്നാൽ ആഷസ് ചരിത്രത്തിൽ സ്‌മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ജിമ്മി ആൻഡേഴ്‌സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്ത് പിന്നാലെ അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്‌മിത്ത് പക്ഷേ, ഇന്നിംഗ്‌സിലെ 96-ാം ഓവറിലെ രണ്ടാം പന്തിൽ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയിൽ ബെൻ ഡക്കെറ്റിൻറെ പറക്കും ക്യാച്ചിൽ മടങ്ങി. ഡ്രസിംഗ് റൂമിലേക്ക് യാത്രയാവുമ്പോൾ 184 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെ 110 റൺസാണ് താരത്തിനുണ്ടായിരുന്നത്. പുറത്തായി മടങ്ങുമ്പോൾ കാണികളുടെയും സഹതാരങ്ങളുടേയും വലിയ കയ്യടി സ്‌മിത്തിന് കിട്ടി. കാണാം ബെൻ ഡക്കെറ്റിൻറെ ആ തകർപ്പൻ ക്യാച്ച്.
https://twitter.com/englandcricket/status/1674375070888652800?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674375070888652800%7Ctwgr%5E7159c8390bb9872e3678ccdd2bed449a31e6835d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fenglandcricket%2Fstatus%2F1674375070888652800%3Fref_src%3Dtwsrc5Etfw
മത്സരത്തിൽ ഓസീസിൻറെ ഒന്നാം ഇന്നിംഗ്‌സ് 100.4 ഓവറിൽ 416 റൺസിൽ അവസാനിച്ചു. 339/5 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് 77 റൺസ് ചേർക്കുമ്പോഴേക്ക് അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഡേവിഡ് വാർണർ(88 പന്തിൽ 66), ട്രാവിസ് ഹെഡ്(73 പന്തിൽ 77) എന്നിവരുടെ വേഗമാർന്ന അർധസെഞ്ചുറികളും മാർനസ് ലബുഷെയ്‌ൻറെ 47 റൺസും വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നേടിയ 22 റൺസുകളും നിർണായകമായി. ഇംഗ്ലണ്ടിനായി ഓലി റോബിൻസൺ, ജോഷ് ടംഗ് എന്നിവർ മൂന്ന് വീതവും ജോ റൂട്ട് രണ്ടും ജിമ്മി ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും ഓരോ വിക്കറ്റും നേടി.