KeralaNEWS

മൺസൂൺ യാത്രയുമായി കെഎസ്ആർടിസി

ഴ, കെഎസ്‌ആര്‍ടിസി ബസ്, പിന്നെ ജോണ്‍സണ്‍ മാഷിന്റെ പാട്ടും.. കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികളുടെ മഴ സീസണിലെ ‘ലൂപ്പ്’ ആണിത്.ഈ എവര്‍ഗ്രീൻ ഹിറ്റ് കോംബോയ്ക്ക് ഇന്നും മാറ്റമൊന്നുമില്ല.
ഇതാ ഈ മഴക്കാലത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര പോകാൻ പറ്റിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

വാഗമണ്‍ കെഎസ്‌ആര്‍ടിസി യാത്ര

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നന്നാക്കിയതോടെ ഈ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന റൂട്ട് ആണിത്. പാറകള്‍ ചീന്തിയെടുത്ത, വളഞ്ഞു പുളഞ്ഞ പാതയിലൂടെ താഴ്വാരങ്ങളും കോടമഞ്ഞും ആസ്വദിച്ച്‌ പോകുന്ന യാത്രയാണിത്. കെഎസ്‌ആര്‍ടിസിയിലാണ് യാത്രയെങ്കില്‍ പറയുകയും വേണ്ട.

Signature-ad

വാഗമണ്ണിലെത്തിയാല്‍ തങ്ങള്‍ പാറ, കുരിശുമല, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. കൂടുതല്‍ സമയമുണ്ടെങ്കില്‍ കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാം. വാഗമണ്ണില്‍ നിന്ന് പുള്ളിക്കാനം വഴിയുള്ള യാത്ര കേരളത്തിലെ ഏറ്റവും മികച്ച കെഎസ്‌ആര്‍ടിസി റൂട്ടുകളിലൊന്നാണ്.

വയനാട് കെഎസ്‌ആര്‍ടിസി യാത്ര

മഴയില്‍ താമരശ്ശേരി ചുരത്തിലൂടെ ഒരു കെഎസ്‌ആര്‍ടിസി യാത്ര യാത്രികരുടെ പ്രിയപ്പെട്ട ബസ് യാത്രകളിലൊന്നാണ്. മഴക്കാലത്ത് റോഡില്‍ ഗതാഗത തടസ്സം സ്ഥിരമാണെങ്കിലും അല്പം ക്ഷമയുണ്ടെങ്കില്‍ ആസ്വദിക്കുവാൻ പറ്റിയ മികച്ച ഒരു യാത്രയാണിത്. മഞ്ഞിറങ്ങി വരുന്ന കാഴ്ചകളും കാടും ഒക്കെ ആസ്വദിച്ചു ലക്കിടിയില്‍ എത്തുമ്ബോഴേക്കും കടുപ്പത്തിലൊരു ചായ കുടിച്ചിറങ്ങാം. മണ്‍സൂണില്‍ ഇരട്ടി ഭംഗി വയ്ക്കുന്ന നിരവധി സ്ഥലങ്ങള്‍ വയനാട്ടില്‍ കാണുവാനുണ്ട്.

ഗവി കെഎസ്‌ആര്‍ടിസി യാത്ര

മഴ-ആനവണ്ടി കോംബോയിലെ പുതിയ എൻട്രി ആണെങ്കിലും നിരവധി ആരാധകരാണ് കെഎസ്‌ആര്‍ടിസിയുടെ ഗവി യാത്രയ്ക്കുള്ളത്. കാടിനുള്ളിലൂടെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന യാത്ര സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. കാട് മാത്രമല്ല, വെള്ളച്ചാട്ടങ്ങള്‍, കാട്ടുമൃഗങ്ങള്‍, കാടിനുള്ളിലെ അണക്കെട്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണിത്.

മൂന്നാര്‍ കെഎസ്‌ആര്‍ടിസി യാത്ര

മഴക്കാലം മൂന്നാറിന് ഓഫ്സീസണ്‍ സമയമാണെങ്കിലും മഴ കാണാനും ആസ്വദിക്കുവാനുമായി നിരവധി ആളുകള്‍, പ്രത്യേകിച്ച്‌ മലയാളികള്‍ ഇവിടെ എത്തുന്നു. നേര്യമംഗലത്തു നിന്ന് അടിമാലി വഴി കെണ്‍എസ്‌ആര്‍ടിസിയില്‍ മൂന്നാറിലേക്ക് കടക്കുമ്ബോള്‍ തന്നെ കോടമഞ്ഞിനാല്‍ പുതഞ്ഞ് കിടക്കുകയാവും മുഴുവൻ ഇടങ്ങളും. തണുപ്പില്‍ ക്യാംപ് ചെയ്യുവാനും ചെറിയ ട്രക്കിങ് നടത്തുവാനുമെല്ലാം സാധിക്കും.

മൂന്നാറിലെത്തിയാല്‍ കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസില് രാത്രി താമസിച്ച്‌ പുലര്‍ച്ചെ അവരുടെ തന്നെ സൈറ്റ് സീയിങ് പാക്കേജ് വഴി മറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. മൂന്നാറിലെ മഴക്കാലം വളരെ രസകരമായി ആസ്വദിക്കം. റോഡിലക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും ഗ്രാമങ്ങള്‍ കടന്നുള്ള സ‍ഞ്ചാരവും ഇവിടെ പരീക്ഷിക്കാം.

മലക്കപ്പാറ കെഎസ്‌ആര്‍ടിസി യാത്ര

കാടിനുള്ളിലൂടെ വെള്ളച്ചാട്ടങ്ങള്‍ കണ്ട്, ഒരു യാത്രയാണ് മഴക്കാലത്തെ യാത്രാ ലിസ്റ്റിലെങ്കില്‍ അതിരപ്പിള്ളി വഴി മലക്കപ്പാറയ്ക്ക് പോകാം. കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് അതിരപ്പിള്ളി-മലക്കപ്പാറ യാത്ര സംഘടിപ്പിക്കുന്നുണ്ട്. കാടിനുള്ളിലെ ഒരു ബസില്‍ പോകുന്ന സുഖം ഈ യാത്രയില് നിങ്ങള്‍ക്ക് ആസ്വദിക്കാം. കുറഞ്ഞ ചെലവില്‍ നടത്താൻ പറ്റിയ ഒരു ജംഗിള്‍ സഫാരി കൂടിയാണിത്.

മാമലക്കണ്ടം യാത്ര

എറണാകുളത്ത് നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച റോഡ് ട്രിപ്പാണ് മാമലക്കണ്ടത്തേയ്ക്കുള്ളത്. മഴക്കാല യാത്ര അത്ര സുരക്ഷിതമാണെന്ന് പറയുവാൻ പറ്റില്ലെങ്കിലും ഒരുപാട് ആളുകള്‍ ആഗ്രഹിക്കുന്ന ഒരു യാത്രയാണിതെന്നതിന് സംശയമില്ല. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്ബുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്ത് വരാം. ഇവിടുന്ന് മാങ്കുളം വഴി മൂന്നാറിലേക്ക് പോകുന്ന രീതിയില്‍ കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോ ബജറ്റ് ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്.

മഴക്കാലത്തെ കുട്ടനാടൻ കാഴ്ചകൾ

റോഡിനിരുവശത്തെയും കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും മഴയും പാടങ്ങളും എല്ലാം ചേരുന്ന നല്ല കിടിലൻ  കാഴ്ചകൾ കാണണമെങ്കിൽ കുട്ടനാട്ടിലേക്കു തന്നെ പോകണം.
ഇതാ നീണ്ട കാലങ്ങള്‍ക്കു ശേഷം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വീണ്ടും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.കുട്ടനാടിന്റെ മഴക്കാല സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന യാത്രയാണിത്.

കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയുള്ള കെഎസ്ആർടിസി യാത്ര.

Back to top button
error: