തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി. ഈ സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം.
ഇങ്ങനെ ലയിപ്പിക്കുന്ന തുക നാലുവര്‍ഷത്തിനുശേഷമേ പിന്‍വലിക്കാനാകൂ എന്ന വ്യവസ്ഥ കഴിഞ്ഞവര്‍ഷംതന്നെ നിലവില്‍വന്നിരുന്നു. എന്നാല്‍, പിഫ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍, പിഎഫ് ഇല്ലാത്തവര്‍, താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ ആര്‍ജിതാവധി തുകയ്ക്ക് അര്‍ഹരായവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ആനുകൂല്യം പണമായി പിന്‍വലിക്കാം. പ്രളയത്തിന്റെയും കോവിഡിന്റെയും ഭാഗമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സറണ്ടര്‍ ആനുകൂല്യ നിയന്ത്രണം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.