തൃശൂര്‍: മാലമോഷണക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ചാലക്കുടി വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടന്‍ വീട്ടില്‍ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്. വഴിയിലൂടെ പോവുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രണ്ടു ബൈക്കുകളിലായാണ് സനോജും സംഘവും എത്തിയത്. സ്ഥലവിവരങ്ങള്‍ ചോദിച്ചറിയാനെന്ന ഭാവേന ക്ഷീര കര്‍ഷക സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ അടുത്തേക്ക് എത്തിയ സംഘം മാല ബലമായി പൊട്ടിച്ചെടുക്കുകയും ബൈക്കില്‍ കടന്നുകളയുമായിരുന്നു. കേസില്‍ പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് വിവിധ ഇടങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു.
ബൈക്കിലെത്തി മാല മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് കുടുങ്ങിയത്. പിടിയിലായ സനോജിനെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.