ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പോലീസ്. മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത്് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു.
”വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്, പറഞ്ഞത് ‘ഒറിജിനല്‍’ സര്‍ട്ടിഫിക്കറ്റെന്ന്”
കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയത്. അബിന്‍ തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി.
വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പോലീസ് സംശയിക്കുന്നുണ്ട്.