ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാൽ വിസ്‍മയിപ്പിക്കുന്ന താരമാണ് ധനുഷ്. ദേശീയ പുരസ്‍കാരങ്ങൾ സ്വന്തമാക്കിയ തമിഴ് താരം ധനുഷ് ഭാഷാതിർത്തികളും മറികടന്ന് ആരാധരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ധനുഷ് വീണ്ടും ഹിന്ദിയിൽ ഒരു സിനിമയിൽ വേഷമിടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ആന്ദ് എൽ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തേരെ ഇഷ്‍ക് മേം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ധനുഷ് നായകനായ ‘രാഞ്‍ജന’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‍മെന്റ് ടീസറിൽ പറയുന്നതും ‘വേൾഡ് ഓഫ് രാഞ്‍ജന’ എന്നാണ്. എ ആർ റഹ്‍മാനാണ് സംഗീതം. ‘തേരെ ഇഷ്‍ക് മേം’ എന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് എൽ റായ്‍യും ഹിമാൻഷു ശർമയുമാണ്. വിശാൽ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെർ’ ആണ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെർ’. അരുൺ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജൂലൈയിൽ ധനുഷ് ചിത്രത്തിന്റെ ടീസർ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‘ക്യാപ്റ്റൻ മില്ലെർ’ ധനുഷിന്റെ ഗംഭീര ചിത്രമായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ധനുഷ് നായകനായി ഒടുവിൽ എത്തിയ ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്‍ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്തയാണ് ചിത്രത്തിലെ നായിക. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൻ ഹിറ്റായ ചിത്രം ‘വാത്തി’യുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജെ യുവരാജാണ്.