എന്താണ് ‘കുത്തുപാള!? പാള മാഹാത്മ്യത്തെക്കുറിച്ച് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്…
ധൂർത്തടിച്ചു ചെലവാക്കുന്ന മകനെ കുറിച്ച്….അച്ഛൻ പറയും…”അവൻ എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…”
മറ്റാരെങ്കിലും….
നമ്മുടെ കയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ ഇട വരുത്തുമ്പോൾ….
നമ്മൾ…
അയാളോട് ചോദിക്കും…
“നീ…. എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ….
അല്ലേ….”
പാള…..
നമുക്കറിയാം…!
നമുക്കെന്നു പറഞ്ഞാൽ…
ന്യൂജൻ അതിൽ പെടൂല്ല…..
എന്നറിയണം.
പണ്ട്…..
പാള പറക്കി കൊടുത്താലും പൈസ കിട്ടുമായിരുന്നു….
അങ്ങനെ പൈസ ഞാൻ വാങ്ങിയിട്ടുണ്ട്..!
ചന്തയിൽ പോയി മീൻ വാങ്ങാൻ….
പാള തന്നെ വേണം…!
പാളയിൽ മീൻ വാങ്ങി ഇട്ടു….
കഴുത്തിന്റവിടെ ഒരു കെട്ടും കെട്ടി….
കയ്യിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരുന്ന അച്ഛനെ ഓർക്കുന്നുണ്ടോ..!!!!?
ചന്തയിലെ ഒരു സ്ഥിരം കച്ചവടക്കാരനാണ്….
പാളക്കാരൻ…!
അവനില്ലാത്ത ചന്തയില്ല…!
വീട്ടിൽ…
ചൂട് കാലത്തു…
ആശ്വാസം തരാൻ പാള വേണമായിരുന്നു…!
പാളയിൽ ഉണ്ടാക്കുന്ന വിശറി ഇല്ലാതെ കാരണവന്മാർ ഉറങ്ങാറില്ലായിരുന്നു…!
ചാരുകസേരയിൽ….
ചാരിക്കിടന്നു….
പാള വിശറി കൊണ്ടു വീശുന്ന…
അച്ഛനെയോ…
അമ്മാവനേയോ….
മറക്കാൻ കഴിയുമോ…?
വീട്ടിൽ കുഞ്ഞു ജനിച്ചാൽ….
പാളയുടെ ഉപയോഗം നിർബന്ധം ആയിരുന്നു…
കുഞ്ഞിനെ….
പാളയിൽ കിടത്തിയാണ് അമ്മയും അമ്മൂമ്മയും ഒക്കെ കുളിപ്പിക്കുന്നത്…!
പാളയിൽ മലർന്നു കിടന്നു കരയുന്ന കുഞ്ഞിനെ….
പാളയിൽ കെട്ടിക്കിടക്കുന്ന വെള്ളം…
വലതുകൈകൊണ്ട്…
അമ്മ കോരി….
ദേഹത്ത് ഒഴിക്കുമ്പോൾ…
കരച്ചിൽ ഉച്ചത്തിലാകുമായിരുന്നു..
അതും മറന്നിട്ടില്ല….!
കിണറ്റിൽ നിന്നും വെള്ളം കോരാൻ…
തൊട്ടി വാങ്ങാൻ പലർക്കും കഴിയില്ലായിരുന്നു…
കാശിന്റെ ബുദ്ധിമുട്ട്…!
അവിടെയും സഹായി പാള തന്നെ ആയിരുന്നു…!
പാള കോട്ടി….
കയറിൽ കെട്ടി കിണറ്റിലേക്ക് ഇറക്കി വെള്ളം കോരിയതും…
മറക്കാൻ സാധ്യതയില്ല…!
‘തൂമതേടുംതൻ പാള കിണറ്റിലിട്ടോമേൽ കയ്യാൽ കയറു വലിച്ചു…..’
എന്നു കവി പോലും വർണ്ണിച്ചിട്ടുണ്ട്…!
പാടത്തു പണി എടുക്കുന്നവന്റെ രക്ഷാ കവചമായിരുന്നു പാള…..!
മഴ നനയാതെ സംരക്ഷിക്കുന്നതും…
വെയിൽ തട്ടാതെ സംരക്ഷിക്കുന്നതും പാള തന്നെ…!
വയലിൽ ജോലിക്കിറങ്ങുമ്പോൾ തലയിൽ……
പാള തൊപ്പിയായി വച്ചിരിക്കും…!
തലയിൽ പാളത്തൊപ്പിയും…
അരയിൽ ഒരു തോർത്തും മാത്രം ഉടുത്തു…..
മൺവെട്ടി കൊണ്ടു പണിയെടുക്കുന്ന പണിക്കാരൻ…
ഇപ്പോഴും മനസിലുണ്ട്…!
ജോലിക്കാരന് കഞ്ഞികുടിക്കാൻ….
പാത്രമായും പാള ഉപയോഗിച്ചിരുന്നു…!
പാള നീളത്തിൽ കോട്ടി….
അതിൽ കഞ്ഞി ഒഴിച്ച്…
രണ്ടു കൈകൊണ്ടും പിടിച്ചു….
പാളയുടെ ഒരു സൈഡ് വായിലേയ്ക്ക് വച്ചു….
കഞ്ഞി കുടിക്കുന്ന പണിക്കാരൻ….!
കണ്ടിട്ടില്ലേ……?
വീടിന്റെ കോലായിൽ…
ഉമിക്കരി കെട്ടിതൂക്കാൻ പാള കൊണ്ടുള്ള ചട്ടി വേണമായിരുന്നു…!
അതിൽ നിന്നും രാവിലെ ഉമിക്കരി എടുത്തു…
ഇടതു കൈവെള്ളയിൽ ഇട്ടു….
വലതു ചൂണ്ടു വിരൽ കൊണ്ടു പല്ലു തേച്ചതും മറക്കില്ലായിരിക്കും…
അല്ലേ….!!!!?
കൂടെ….
ഈർക്കിൽ ഉപയോഗിച്ച് നാക്കു വടിച്ചതും…!
നമ്മുടെ കുട്ടിക്കാലത്തു…
പാളയാണ് പ്രധാന കളി വണ്ടി….!
പാളയിൽ കയറി ഇരുന്നിട്ട്….
ഒരാൾ വലിച്ചു കൊണ്ടു പോകുന്നത്….
അന്നത്തെ പ്രധാന വിനോദം ആയിരുന്നു…!
പാള വെള്ളത്തിലിട്ടു കുതിർത്തു….
അതിന്റെ പുറം നാരു എടുത്തു…
വള്ളിയായി ഉപയോഗിച്ച്….
വെറ്റിലക്കൊടിയുടെ വള്ളി പിടിച്ചു കെട്ടുന്നതും….
കമ്പുകൾ ഏച്ചു കെട്ടിയിരുന്നതും അറിയാം….!
കണ്ണിമാങ്ങ അച്ചാറിട്ടു…
പാളയിൽ ആക്കി….
അല്പം പോലും ചാറ് കളയാതെ….
വീട്ടിനുള്ളിൽ…
അടുക്കള ഭാഗത്തു കെട്ടിത്തൂക്കി ഇട്ടിരുന്നതും….
ഓർമ്മയുണ്ടല്ലോ….!!!!?
വീട്ടിൽ….
കലവും മറ്റു പാത്രങ്ങളും അടച്ചു വയ്ക്കാൻ…
അടപ്പായി ഉപയോഗിച്ചതും പാള തന്നെ ആയിരുന്നു….
മഴയിൽ നനയാതെ….
കുടയായും പാള ഉപയോഗിച്ചു….!
ചെറിയ മഴയിൽ…
പാള തലയിൽ കമിഴ്ത്തി….
അടുത്ത വീട്ടിലേക്കും….
തൊട്ടടുത്ത കടയിൽ പോയതും…
ഓർക്കുന്നു….!
ഇനിയും……
പല ആവശ്യങ്ങൾക്കും പാള ഉപയോഗിച്ചിരുന്നു…….!
പാളയുടെ എന്തെങ്കിലും ഉപയോഗം ഇല്ലാത്ത ഒരു വീടും ഗ്രാമങ്ങളിൽ ഇല്ലായിരുന്നു….!
ഇതിനെല്ലാം ഉപരിയാണ്…..
മുകളിലുള്ള ചിത്രത്തിൽ കാണിച്ച പോലെ….
കുത്തുപാള ഉപയോഗിച്ചത്…..!
മാസങ്ങളോളം കേടാകാതെ ചില സാധനങ്ങൾ സൂക്ഷിക്കാനും പാള തന്നെ ശരണം….!
ഇത്രയൊക്കെ പ്രയോജന കാരിയായ പാള……
എന്നിട്ടും…..
അതിനെ വിശേഷിപ്പിക്കുന്നത്
നെഗറ്റീവ് അർത്ഥത്തിൽ…!
അതെന്താ…..
അങ്ങനെ…..!!!!!!!?
പറയാൻ കഴിയുമോ….?
ചില മനുഷ്യരേയും ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്…!
എല്ലാത്തിനും അവൻ വേണം….
പക്ഷേ….
കണ്ണിലെ കരടും അവൻ തന്നെ….!!!!!!