ഗാസിയാബാദ്: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടിട്ടും വിളിക്കാതിരുന്ന മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം.
സഹീല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സഹീലിനെ ക്രൂരമായി മര്‍ദിക്കുകയും തല പകുതി മൊട്ടയടിക്കുകയും ചെയ്തിട്ടുണ്ട്.മര്‍ദനത്തിന് നേതൃത്വം നല്കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം സംഭവത്തിന് ശേഷം തന്റെ മകനെ ജയിലിലടച്ചുവെന്ന് സഹീലിന്റെ പിതാവായ ഷക്കീല്‍ ആരോപിച്ചു. പ്രതികളുമായി ഒത്തുത്തീര്പ്പിലെത്താന് പോലീസ് തങ്ങളെ നിര്‍ബന്ധിച്ചുവെന്നും ഷക്കീല്‍ പറഞ്ഞു.
സഹീലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.