മുംബൈ: അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്കാം വെബ് സീരിസിൻറെ രണ്ടാം സീസൺ സെപ്റ്റംബർ 2 മുതൽ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. സീരിസ് സംവിധായകൻ ഹൻസൽ മേത്തയാണ് ഞായറാഴ്ച റിലീസ് തീയതി പ്രഖ്യാപിച്ചത്..
സ്കാം 2003: ദി തെൽഗി സ്റ്റോറി എന്നാണ് സീരിസിൻറെ പേര്. ഗഗൻ ദേവ് റിയാർ ആണ് ടൈറ്റിൽ ക്യാരക്ടറായ അബ്ദുൾ കരീം തെൽഗിയെ അവതരിപ്പിക്കുന്നത്. സംവിധായകൻ തുഷാർ ഹിരാനന്ദാനിയും ഹൻസൽ മേത്തയും ചേർന്നാണ് എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നത്. ഹൻസൽ മേത്തയുടെ നെറ്റ്ഫ്ലിക്സ് സീരിസ് സ്കൂപ്പ് ഏറെ ചർച്ചയാകുമ്പോഴാണ് പുതിയ സീരിസിൻറെ പ്രഖ്യാപനം.
“ഇന്ന് സ്പെഷ്യൽ ദിവസമാണ്. ഒപ്പം ഒരു സ്പെഷ്യൽ അറിയിപ്പും. സോണി ലീവിൻറെ മൂന്നാം വാർഷികത്തിൽ ഞങ്ങൾ നിങ്ങൾക്ക് നല്ല വാർത്ത നൽകുന്നു” ഈ വരികളാണ് സ്കാം 2003: ദി തെൽഗി സ്റ്റോറി പ്രീമിയർ തീയതി പ്രഖ്യാപിക്കുന്ന ക്ലിപ്പിനൊപ്പം ഹൻസൽ മേത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
മാധ്യമ പ്രവർത്തകനായ സഞ്ജയ് സിംഗ് എഴുതിയ പുസ്തകം റിപ്പോർട്ടർ കി ഡയറിയിലെ ഭാഗങ്ങളാണ് 2003 സീരിസിനായി ഹൻസൽ മേത്ത ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയെ പിടിച്ചുകുലുക്കിയ 18 സംസ്ഥാനങ്ങളിൽ വ്യാപിച്ച 20,000 കോടിയുടെ മുദ്രപത്ര കുംഭകോണവും അതിലെ പ്രധാന കണ്ണിയായ അബ്ദുൾ കരീം തെൽഗിയുടെയും കഥയാണ് സീരിസിൻറെ ഇതിവൃത്തം.
It’s a special day. And a special announcement. On the 3rd anniversary of @SonyLIV we bring you some good news!#Scam2003OnSonyLIV@applausesocial @SPNStudioNEXT @nairsameer @deepaksegal @Indranil1601 @GaganDevRiar #TusharHiranandani #KiranYadnapavit @karanmukeshvyas… pic.twitter.com/wweqFHQaFF
— Hansal Mehta (@mehtahansal) June 18, 2023
സ്റ്റുഡിയോനെക്‌സ്റ്റുമായി സഹകരിച്ച് അപ്‌ലാസ് എൻറർടെയ്മെൻറാണ് സീരീസ് നിർമ്മിക്കുന്നത്. സ്കാം സീരിസിൻറെ നിരൂപക പ്രശംസ നേടിയ ആദ്യ ഭാഗം, സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി 2020ലാണ് പുറത്തിറങ്ങിയത്. അതിൽ നടൻ പ്രതീക് ഗാന്ധിയാണ് 1992ലെ മുംബൈ സ്റ്റോക്ക് എക്സേഞ്ച് ഓഹരി കുംഭകോണത്തിന് നേതൃത്വം നൽകിയ ഹർഷദ് മേത്തയുടെ റോൾ ചെയ്തത്.