ഈ വർഷം ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നർ ഈ വർഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് 2023 റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാണ് ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്.
8.2 കോടി രൂപയോ (ഒരു മില്യൺ യു എസ് ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂർ, യുഎസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികൾ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്. 2022ലെ റെക്കോർഡ് ഭേദിച്ച പ്രവാഹത്തിന് ശേഷം യുഎഇ രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും, ഈ വർഷം 4,500 പുതിയ കോടീശ്വരന്മാർ എത്തുമെന്നാണ് പ്രതീക്ഷ. 3,200 എച്ച്എൻഡബ്ല്യുഐകളെ പ്രതീക്ഷിച്ചുകൊണ്ട് സിംഗപ്പൂർ മൂന്നാം സ്ഥാനത്താണ്.
യുഎഇയും സിംഗപ്പൂരുമാണ് സമ്പന്ന കുടുംബങ്ങളുടെ പ്രിയരാജ്യങ്ങൾ. യുഎഇ ഗോൾഡൻ വിസ, വ്യവസായ സൗഹൃദം, നികുതി വ്യവസ്ഥകൾ, സുരക്ഷിതത്വം, സമാധാനജീവിത അന്തരീക്ഷങ്ങൾ തുടങ്ങിയവയാണ് സമ്പന്ന കുടുംബങ്ങൾ യുഎഇ, സിംഗപ്പൂർ രാജ്യങ്ങൾ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഉയർന്ന ആസ്തിയുള്ളവർ രാജ്യം വിടുന്ന പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ വർഷം ചൈനയിൽ നിന്ന് 13,500 സമ്പന്നർ പുറത്തു പോകുമെന്നാണ് കണക്കാക്കപ്പടുന്നത്. യുകെയിൽ നിന്ന് 3,200 സമ്പന്നരും, റഷ്യയിൽ നിന്നും 3,000 സമ്പന്നരും, ബ്രസീലിൽ നിന്നും 1200 ഉയർന്ന ആസ്തിയുള്ളവരും രാജ്യം വിടുമെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിൽ പറയുന്നു.