കോട്ടയം: 10 രൂപ കൊടുത്ത് എസ്എഫ്ഐ മെമ്പർഷിപ്പ് എടുത്താൽ സർട്ടിഫിക്കറ്റ് ഫ്രീ, വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. രംഗത്ത്. കെ. എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും പ്രതീകാത്മകമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. തെരുവിലിറങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലൂക്ക് ഔട്ട് നോട്ടീസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പതിപ്പിച്ചു. എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, ജോൺസി കെ ജോജി, പാർഥിവ് സലിമോൻ, ഫാസിൽ പി.എം, ടിബിൻ മാത്യു, അലൻ ഷാജി, ആമീൻ, ജോൺസ് പി ബിജു, സ്നേഹ എന്നിവർ പങ്കെടുത്തു.