NEWSWorld

ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുക്കാതെ ജർമ്മനി

വിദേശ രാജ്യങ്ങളില്‍ ശിശുസംരക്ഷണ നിയമങ്ങള്‍ കടുപ്പമാണ്.ചെറിയ പിഴവ് വന്നാല്‍ പോലും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.ഇന്ത്യക്കാരായ ഭവേഷ് ഷായ്ക്കും ധാരയ്ക്കും സംഭവിച്ചതും അതുതന്നെയാണ്.രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായ്ക്ക് ജര്‍മ്മനിയില്‍ വച്ചേറ്റ പരിക്കാണ് മാതാപിതാക്കളെ കുരുക്കിലാക്കിയത്. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജി ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയോടെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്.

അരിഹയെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിലേക്ക് കൈമാറിയത് 2021 സെപ്റ്റംബറിലാണ്. മൂന്നാം കക്ഷിയായ ഇന്ത്യൻ വെല്‍ഫയര്‍ സര്‍വീസസിന് കൈമാറണമെന്ന മാതാപിതാക്കളുടെ അപേക്ഷയും കോടതി തള്ളി. കുട്ടിയെ എവിടെ പാര്‍പ്പിക്കണമെന്ന് പറയാൻ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ അധികാരമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ബര്‍ലിനിലെ, കേന്ദ്ര യുവജനക്ഷേമ ഓഫീസ് മേധാവിയാണ് അരിഹയുടെ താല്‍ക്കാലിക രക്ഷിതാവ്.അരിഹയെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന അപേക്ഷ മാതാപിതാക്കള്‍  സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ജൂണ്‍ മൂന്നിന് അരിഹയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് അയയ്ക്കാൻ വേണ്ടത് ചെയ്യണമെന്ന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ജര്‍മൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 19 രാഷ്ട്രീയ പാര്‍ട്ടികളിലെ 59 എംപിമാര്‍ ഇന്ത്യയിലെ ജര്‍മൻ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് സംയുക്ത കത്തയച്ചിരുന്നു.ഒന്നും പ്രയോജനം ചെയ്തില്ല.
2021 ഏപ്രിലില്‍ കുളിപ്പിക്കുന്നതിനിടെ, തലയ്ക്കും പുറത്തും ഉണ്ടായ പരിക്കും, 2021 സെപ്റ്റംബറില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ പരിക്കുമാണ് കോടതി കടുത്ത നിലപാട് സ്വീകരിക്കാൻ കാരണം. കുട്ടിക്ക് അപകടം ഒഴിവാക്കാനാണ് രക്ഷിതാക്കളുടെ സംരക്ഷണം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവ് മാതാവോ, പിതാവോ മനഃപൂര്‍വം വരുത്തി വച്ചതോ പീഡനത്തെ തുടർന്നോ ആകാമെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കാനും മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തിനാണ് കോടതി മാതാപിതാക്കളിൽ നിന്നും ക്യത്യമായ മറുപടി തേടിയത്.
2018-ലാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലിക്കായി എത്തിയത്. അവിടെ വച്ച്‌ ജനിച്ച അരിഹ ഒരു ദിവസം കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് സ്വകാര്യ ഭാഗത്ത് ചെറിയ പരിക്കേറ്റുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ആശുപത്രിയില്‍ കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. കുട്ടിയുടെ മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് വാദിച്ചുനോക്കിയെങ്കിലും ആശുപത്രി അധികൃതര്‍ എതിരായി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ അരിഹയെ കെയര്‍ടേക്കറുടെ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.
മാസത്തില്‍ രണ്ടുതവണ കുട്ടിയെ കാണാൻ മാതാപിതാക്കൾക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ അരിഹയുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി ഇന്ത്യൻ പൗരയായ കുട്ടിയെ വിട്ടുനല്‍കാൻ ആവശ്യപ്പെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവം നടക്കുമ്ബോള്‍ കുട്ടിക്ക് ഏഴുമാസം മാത്രമായിരുന്നു പ്രായം. അരിഹയ്ക്ക് മൂന്നുവയസ് തികഞ്ഞാല്‍ പിന്നെ കോടതി സന്ദര്‍ശനം അനുവദിക്കുമോ എന്നും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. സന്ദര്‍ശനാവസരം നിഷേധിച്ചാല്‍ കുട്ടി തങ്ങളെ മറന്നുപോകുമെന്നും, ഇന്ത്യയിലേക്ക് തിരിച്ചുവരാൻ വിസമ്മതിക്കുമെന്നാണ് ധാരയുടെയും ഭാവേഷ് ഷായുടെയും പേടി.ഗുജറാത്തി ദമ്പതികളാണ് ഭാവേഷ് ഷായും ഭാര്യ ധാരയും.

Back to top button
error: