കൊൽക്കത്ത: പശ്ചിമബംഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളിഗഞ്ചിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർഗാനസിൽ ഗവർണർ സിവി ആനന്ദബോസ് സന്ദർശനം നടത്തി. ഗവർണർ ബിജെപിക്കാരെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ടിഎംസി പറഞ്ഞു. ബിജെപിയും സിപിഎമ്മും കോൺഗ്രസും പറയുന്നതു നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽഘോഷ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ ഇന്നലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സിപിഎം, ഇന്ത്യൻ സെക്യുലർ ഫോഴ്സ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിനത്തിൽ ഭംഗർ, ചോപ്ര, നോർത്ത് ദിനജ് പൂർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.
തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രതിപക്ഷ പാർട്ടികളാണ് സംഘർഷത്തിന് ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു. ഗവർണ്ണർ ആനന്ദബോസ് സംഘർഷ ബാധിത മേഖലകൾ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രതികരിച്ച ഗവർണ്ണർ, സംസാരമില്ലെന്നും പ്രവൃത്തിയാണ് മറുപടിയെന്നും വ്യക്തമാക്കി.
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. എല്ലാ സഹകരണവും സിപിഎമ്മിന് നൽകാൻ നിർദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 2016 ലും 2021 ലും പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും ധാരണയോടെയാണ് മത്സരിച്ചത്. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി.