Fiction

കച്ചവടത്തില്‍ ലാഭം തന്നെ മുഖ്യം. പക്ഷേ സല്‍കര്‍മ്മങ്ങളിൽ സഹാനുഭൂതിയും സഹജീവിസ്‌നേഹവും വേണം

വെളിച്ചം

   വീട്ടിൽ പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഇറങ്ങിപ്പോയ അവര്‍ തിരിച്ചുവന്ന് 15 രൂപ പറഞ്ഞപ്പോഴും അമ്മ തന്റെ വിലയില്‍ ഉറച്ചുനിന്നു. അവസാനം 13 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ചീരവാങ്ങുന്നതിനിടയില്‍ അമ്മ ചോദിച്ചു:
“നിങ്ങള്‍ എന്തെങ്കിലും കഴിച്ചുവോ?”
അവര്‍ പറഞ്ഞു:
“ഇല്ല, ഇത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം എന്തെങ്കിലും കഴിക്കാന്‍.”
ഇത് കേട്ട് അമ്മ അവര്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുത്തു. ഇതെല്ലാം കണ്ട് നിന്ന മകള്‍ അമ്മയോട് ചോദിച്ചു:

Signature-ad

“കച്ചവടസമയത്ത് അമ്മയ്ക്ക് ഒട്ടും അനുകമ്പയില്ലായിരുന്നു. പക്ഷേ, അത് കഴിഞ്ഞ് അവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുകയും ചെയ്തു. അതെന്തുകൊണ്ടാണ്?”
അമ്മ പറഞ്ഞു:
“കച്ചവടത്തില്‍ ലാഭമാണ് മുഖ്യം. സല്‍പ്രവൃത്തിയില്‍ കരുണയും. എല്ലാ കര്‍മ്മങ്ങള്‍ക്കും അതിന്റെതായ വ്യവസ്ഥകളും മുറകളുമുണ്ട്. അവയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകൂ.”

കച്ചവടത്തിന്റെ അടിസ്ഥാന ലക്ഷ്യം അന്തസ്സോടെ ജീവിക്കാനുളള വരുമാനം തന്നെയാണ്. സല്‍കര്‍മ്മങ്ങളുടെ കാരണം സഹാനുഭൂതിയും സഹജീവി സ്‌നേഹവുമാകണം. നമ്മുടെ കര്‍മ്മങ്ങളില്‍ അവസ്ഥയ്ക്കനുസരിച്ച് ആദായവും, ആര്‍ദ്രതയും ഉണ്ടാകട്ടെ. ശുഭദിനം.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: