ആദ്യത്തെ പ്രണയം പോലെയാണ് ആദ്യമഴയും. പച്ചകുത്തുംപോലെ പതിഞ്ഞുപോകും ഉള്ളിലതിന്റെ അവശേഷിപ്പുകൾ. മുഴുവൻ ഉൾച്ചൂടിനെയും ഒപ്പിയെടുത്ത് കുളിരണിയിക്കും…ആദ്യമഴയുടെ പിറ്റേന്ന് പറന്നുയരുന്ന ഈയാംപാറ്റകൾ….ഒരുദിനത്തിന്റെ ജീവിതംകൊണ്ടു തൃപ്തരായി അവയും വേഗം മടങ്ങിപ്പോകും-ആദ്യത്തെ പ്രണയം പോലെ…
ഒന്നാം തീയതി കൃത്യമായി പണം വാങ്ങാൻ വരുന്ന പാൽക്കാരനെപ്പോലെയായിരുന്നു മഴ. പുതിയ യൂണിഫോമിട്ട് സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുട്ടിയെ നനച്ച് കുട്ടിയുടെ ഗമയത്രയും ഒഴുക്കിക്കളയുന്ന അസൂയക്കാരനായി കൃത്യം ഒന്നാംതീയതി എത്തും.
അതെ മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിര്‍പ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് ……
പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്‍റെ വറുതിയുടെ മുഖം. ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്‍റെയും മുഖം. എല്ലം തകര്‍ത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം.
കേരളത്തില്‍ വീണ്ടുമിതാ മഴക്കാലം വന്നെത്തി.
മഴക്കാലത്തിന്‍റെ ഇല്ലായ്മകളിലേക്ക് വല്ലായ്മകളിലേക്ക് സന്തോഷങ്ങളിലേക്ക്………… .