എറണാകുളം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയില്‍ ധാരണയായെങ്കിലും പാരീഷ് കൗൺസിൽ പിൻമാറുകയായിരുന്നു. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്‍റേയും സിവിൽ കോടതികളുടേയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.
എന്നാല്‍ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയൂ എന്ന് എറണാകുളം സെൻറ് മേരീസ് ബസലിക്ക ഭരണസമിതി വ്യക്തമാക്കി. പള്ളി തുറക്കുന്ന കാര്യത്തിൽ സഭാനേതൃത്വവുമായി ഉണ്ടാക്കിയ ധാരണകളിൽ നിന്ന് പിൻ വാങ്ങുന്നു എന്നും ഭരണസമിതി അറിയിച്ചു. ഇതോടെയാണ് കഴിഞ്ഞ ഡിസംബറിൽ അടച്ചിട്ട പള്ളി തുറക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായത്.