പ്രയാഗ്‍രാജ്: വിവാഹ ചടങ്ങിനിടെ വധുവിനോട് കൂളിംഗ് ഗ്ലാസ് വയ്ക്കാൻ ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വീട്ടുകാർ. ഉത്തർപ്രദേശിലെ ഹരഖ്പുരിലാണ് സംഭവം. പരസ്പരം മാലയിടുന്നതിന് മുന്നോടിയായി വധുവിനോട് കൂളിംഗ് ഗ്ലാസ് വയ്ക്കാൻ വരൻ ആവശ്യപ്പെടുകയായിരുന്നു. സൺഗ്ലാസ് ധരിക്കാൻ വധു വിസ്സമ്മതിച്ചതോടെ വധുവിൻറെയും വരൻറെയും കുടുംബാംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഘർഷം രൂക്ഷമായതോടെ വധുവിൻറെ വീട്ടുകാർ വരനെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ടു. സംഭവത്തിൻറെ 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ മാന്ധാത പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുഗ്രബാദ്ഷാപൂർ ബ്ലോക്കിലെ സക്രദാൻ ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് വിവാഹ സംഘം ഹരഖ്പൂർ ഗ്രാമത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
മാല ചാർത്തൽ ചടങ്ങിനിടെ വരൻ വധുവിനോട് കറുത്ത കണ്ണട ധരിക്കാൻ വേദിയിൽ വച്ച് പറഞ്ഞു. എന്നാൽ, വധു ഇത് വിസ്സമ്മതിക്കുകയും വീട്ടുകാരോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് മാന്ധാത പൊലീസ് സ്റ്റേഷൻ ഓഫീസർ പുഷ്പരാജ് പറഞ്ഞു. ഈ വിഷയത്തെ ചൊല്ലി കുടുംബങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായി. യുവാവിനെ വിവാഹം കഴിക്കാൻ പോലും പെൺകുട്ടി വിസമ്മതിച്ചു. വധുവിൻറെ വീട്ടുകാർ വരനെ മരത്തിൽ കെട്ടിയിടുകയായിരുന്നുവെന്നും വ്യാഴാഴ്ച പൊലീസെത്തിയാണ് രക്ഷപെടുത്തിയതെന്നും പുഷ്പരാജ് അറിയിച്ചു.
Watch this
A groom was tied to a tree, after he & his friends insisted the bride to wear sunglasses during jaymala.
Incident happened on Wednesday, in #Pratapgarh district of #UttarPradesh pic.twitter.com/YZagpY8lQd
— Arvind Chauhan (@Arv_Ind_Chauhan) June 16, 2023
സമാനമായി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഖുശിനഗറിലും വിവാഹം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിവാഹവേദിയിലേക്ക് ചടങ്ങുകൾ പൂർത്തിയാക്കി വരണമാല്യം അണിയിക്കാനായി എത്തിയ വധു കണ്ടത് മദ്യപിച്ച് കാല് പോലും നിലത്ത് ഉറയ്ക്കാതെ നിൽക്കുന്ന വരനെയാണ്. വധു വേദിയിൽ പൊട്ടിക്കരഞ്ഞതോടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്.
വധുവിൻറെ സംശയം ശരിയാണെന്ന് വ്യക്തമായതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഇരുവിഭാഗം ബന്ധുക്കളും ചേരി തിരിഞ്ഞ് തർക്കമായി. തർക്കത്തിനൊടുവിൽ വരനെയും മാതാപിതാക്കളേയും ബന്ധുക്കളേയും പെൺവീട്ടുകാർ തടഞ്ഞുവച്ച് പൂട്ടിയിടുക കൂടി ചെയ്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.