ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസിന്റെ പിന്തുണ എഎപി തേടുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്തവാന.
2015 ലും 2020 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. അതിനാല്‍ ഡല്‍ഹി പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കരുത്. ഇതിനു പകരമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ എഎപി മത്സരിക്കാനിറങ്ങില്ല- സൗരഭ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് ‘കോപ്പി കട്ട് കോണ്‍ഗ്രസ്’ (സിസിസി) ആണെന്ന് സൗരഭ് പരിഹസിച്ചു. അരവിന്ദ് കെജരിവാളില്‍ നിന്നു എല്ലാം തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നേതൃത്വത്തിന്റെയും ആശയങ്ങളുടേയും അഭാവമാണ് കോണ്‍ഗ്രസിനുള്ളത്.
എഎപി ഇറക്കുന്ന പ്രകടപത്രിക കോണ്‍ഗ്രസ് മോഷ്ടിക്കുകയാണ്. പ്രകടനപത്രികയില്‍ കെജരിവാള്‍ മുന്നോട്ടു വയ്ക്കുന്നത് ഉറപ്പാണ്. ആ ഉറപ്പു പോലും നല്‍കാന്‍ പക്ഷേ, കോണ്‍ഗ്രസിനു സാധിക്കുന്നില്ല.
എഎപി ഡല്‍ഹിയില്‍ സൗജന്യ വൈദ്യുതി നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് തങ്ങളെ കളിയാക്കുകയായിരുന്നു. പക്ഷേ, ഹിമാചല്‍ പ്രദേശില്‍ അരവിന്ദ് കെജരിവാളിന്റെ ഉറപ്പ് കോപ്പിയടിച്ചു 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തു. പഞ്ചാബിലെ സ്ത്രീകള്‍ക്ക് എഎപി നല്‍കുന്ന സൗജന്യ അലവന്‍സിനെയും പരിഹസിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഹിമാചലിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഇത് പ്രഖ്യാപിച്ചു. സൗരഭ് ആരോപിച്ചു.