കൊച്ചി: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് പാര്‍ട്ടി അംഗത്വം രാജിവെച്ച വിവരം രാമസിംഹന്‍ അറിയിച്ചത്. താന്‍ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി അയച്ച രാജി കത്തിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു.
മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച വിവരം അറിയിച്ചത്.
”പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്‍….എല്ലാത്തില്‍ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം,ധര്‍മ്മത്തോടൊപ്പം ഹരി ഓം..”
– എന്നാണ് രാമസിംഹന്‍ കുറിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടത്.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് എതിരെ വിമര്‍ശനവും രാമസിംഹന്‍ നടത്തി. തമിഴ്‌നാട് ബിജെപി നേതാവ് അണ്ണാമലൈയെ പ്രശംസിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
”അയാള്‍ക്ക് ആരെയും ഭയപ്പെടേണ്ട കാരണം അയാള്‍ അഴിമതിയില്‍ പ്രതിയല്ല, നട്ടെല്ലിന്റെ സ്ഥാനത്തു അത് തന്നെയാണ് വാഴപ്പിണ്ടിയല്ല, അയാള്‍ കുടുംബത്തിന് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്..കണ്ടു പഠിച്ചാല്‍ പോരാ കാലു തൊട്ട് തൊഴണം നുമ്മക്കടെ നേതാക്കള്‍…”- എന്നാണ് കുറിച്ചത്. ഇതിന് താഴെയാണ് സുരേന്ദ്രനെ പരിഹസിച്ചുകൊണ്ട് രാമസിംഹന്‍ കമന്റ് ചെയ്തിരിക്കുന്നത്. നമുക്കും ഇതുപോലൊരു നേതാവിനെ എപ്പോഴാണാവോ കിട്ടുക എന്ന ഒരാളുടെ കമന്റിന് സുരേട്ടന്‍ ഇല്ലേ എന്നായിരുന്നു മറുപടി.